കേരളം

'ബാർ സമയം ദീർഘിപ്പിച്ചില്ല; സമയം ഏകീകരിക്കുകയാണ് ചെയ്തത്: എം ബി രാജേഷ്

തിരുവനന്തപുരം: ബാര്‍ സമയം ദീര്‍ഘിപ്പിച്ചു എന്നത് തെറ്റായ വാര്‍ത്തയാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. സമയം ഏകീകരിക്കുകയാണ് ചെയ്തത്. ടൂറിസം സ്ഥലങ്ങളില്‍ നേരത്തെ പന്ത്രണ്ട് മണിവരെയായിരുന്നു സമയം.

വിവേചനം നിലനില്‍ക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സമയം ഏകീകരിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.

കര്‍ണാടകയില്‍ ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയാണ് സമയം. ബെംഗളൂരുവില്‍ രാത്രി ഒരു മണി വരെയാണ്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിഗണിച്ചുവെന്നും മന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ബാര്‍ സമയം പന്ത്രണ്ട് വരെയാണ്. അയല്‍ സംസ്ഥാനങ്ങളിലെ സമയവും കണക്കിലെടുത്താണ് തീരുമാനം. പ്രധാനമായും പരിഗണിച്ചത് ടൂറിസം മേഖലയെയാണെന്നും മന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ ഏതാനും മദ്യനയങ്ങളിൽ ടൂറിസം മേഖലയ്ക്കായി ചില ഇളവുകള്‍ നല്‍കിയിരുന്നു. പ്രത്യേക ഇവന്റുകളും മറ്റും വരുമ്പോള്‍ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ഫീസ് വാങ്ങി ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചിരുന്നു.

നിലവിൽ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അഞ്ച് ലക്ഷം രൂപ അധികം ഫീസ് അടച്ചാല്‍ മൂന്ന് മണിവരെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Leave A Comment