ശബരിമല സ്വർണ്ണക്കൊള്ള: പത്മകുമാറിന്റെ റിമാൻഡ് നീട്ടി
കൊല്ലം: ശബരിമല സ്വർണപ്പാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷൽ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.
കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ നാളെയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി 22നു പരിഗണിക്കും. ഈ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട് കോടതി തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ട ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ജയിലിലേക്ക് അയച്ചു. ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ മുരാരി ബാബുവിനെയും കട്ടിളയിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും രണ്ടു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടിരുന്നു.
പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യണമെന്ന എസ്ഐടി ആവശ്യം പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.ശബരിമല ക്ഷേത്രത്തിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കും
. എതിർവാദം അറിയിക്കാൻ എസ്ഐടി കൂടുതൽ സാവകാശം തേടിയ പശ്ചാത്തലത്തിലാണ് അപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റിയത്.
Leave A Comment