കേരളത്തോട് അവഗണന; ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റ്: ഷാഫി പറമ്പിൽ എംപി
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ എംപി. ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഷാഫി വിമര്‍ശിച്ചു. നല്ല മുദ്രാവാക്യങ്ങൾ പോലും സാമ്പത്തിക ഉത്തേജനത്തിന് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടിയിരിക്കുന്നത്. ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിന്റെ വികസനം എന്നതാണ് കേന്ദ്ര രീതി. എയിംസും അതിവേഗ റെയിലും അടക്കമുള്ള പദ്ധതികൾ ഒന്നും കേരളത്തിന് അനുവദിച്ചില്ല.'-ഷാഫി വിമർശിച്ചു.
ബജറ്റിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. പൊള്ളയായ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്. യുവശക്തി ബജറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ഇല്ല. അംബാനി, അദാനി കോർപറേറ്റ് ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു. പാലം കടക്കുമ്പോൾ നാരായണ പിന്നെ കൂരായണ എന്ന രീതിയിലാണ് ബിജെപി സർക്കാർ പെരുമാറുന്നതെന്നും കുത്തകളുടെ കൊള്ളക്ക് കുടപിടിക്കുന്ന ബജറ്റാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
Leave A Comment