ഐഷ പോറ്റി വർഗവഞ്ചകയെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം: ഐഷ പോറ്റി വർഗവഞ്ചകയെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങളോടുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമെന്നാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഐഷ പോറ്റിക്ക് പാർട്ടിയിൽ നിന്നും വിട്ടുപോകാനുള്ള യാതൊരു രാഷ്ട്രീയ സാഹചര്യവും കൊല്ലത്ത് ഇല്ല. പാർട്ടി ദീർഘകാലമായി എല്ലാവിധ അംഗീകരങ്ങളും നൽകി ചേർത്ത് പിടിച്ച് വളർത്തിയയാളാണ് ഐഷ പോറ്റി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് തവണ എംഎൽഎ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം, മഹിള അസോസിയേഷന്റെ എക്സിക്യുട്ടീവ് എന്നിങ്ങനെ സംഘടനാ തലത്തിലും ബഹുജന സംഘടനാ തലത്തിലും പാർട്ടി തലത്തിലും ജനാധിപത്യ വേദികളിലും അർഹതപ്പെട്ടതിന് അപ്പുറമുള്ള സ്ഥാനമാനങ്ങൾ നൽകിയതാണ് കൊല്ലത്തെ പാർട്ടിയും സംസ്ഥാന നേതൃത്വവും.
പെട്ടന്ന് ഇങ്ങനെയൊരു തീരുമാനമെടുത്ത് മാറുക എന്ന് പറയുന്നത് യാതൊരു ന്യായവുമില്ല. ഞാൻ ഇങ്ങനെ മാറുമ്പോൾ സഖാക്കൾ വർഗ വഞ്ചക എന്ന് തന്നെ വിളിക്കുമായിരിക്കുമെന്ന് ഐഷ പോറ്റി പറഞ്ഞത് കേട്ടു. അവർ അത് പ്രതീക്ഷിക്കുന്നത് കൊണ്ടാണ് അപ്രകാരം പറഞ്ഞത്. ഞാൻ ജനങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നതെന്ന് ഐഷ പോറ്റി പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി നിൽക്കുന്ന ഒരാൾക്ക് എങ്ങനെയാണ് കോൺഗ്രസിൽ ചേരാൻ കഴിയുക. കോൺഗ്രസ് മനുഷ്യരുടെ ഏത് പ്രശ്നത്തിനാണ് കൂടെ നിന്നിട്ടുള്ളത്. സ്ഥാനമാനങ്ങൾ ഒരാളെ എങ്ങനെ വഷളാക്കുമെന്നതിന്റെ ഉദാഹരണമാണ് ഐഷ പോറ്റി.
രാജ്യത്തെ ഏക ബദലാണ് കേരളത്തിലെ ഇടതുപക്ഷ മുന്നണി ഗവൺമെന്റ്. ആ ബദലിന് എതിരെ നിൽക്കുന്ന ഏതൊരു നീക്കവും തൊഴിലാളികളോടും കർഷകരോടും നാടിനോടുമുള്ള വഞ്ചനയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പക്ഷെ അതിനെ നേരിടാനുള്ള കരുത്ത് ഈ ജില്ലയിലെ പ്രസ്ഥാനത്തിനുണ്ടെന്നും ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Leave A Comment