വടക്കാഞ്ചേരിയിൽ കൂറുമാറാൻ 50 ലക്ഷം: ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത്
തൃശൂർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫിന് വോട്ടുചെയ്യാൻ സിപിഎം 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തതായി ലീഗ് സ്വതന്ത്രൻ പറയുന്ന ശബ്ദരേഖ പുറത്ത്. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽനിന്ന് വിജയിച്ച ഇ.യു. ജാഫർ കോണ്ഗ്രസ് നേതാവിനോട് നടത്തിയ വെളിപ്പെടുത്തലാണ് പുറത്തായത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തലേന്നായിരുന്നു സംസാരം. എൽഡിഎഫിനും യുഡിഎഫിനും ഏഴ് വീതം അംഗങ്ങൾ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തിൽ ജാഫർ കൂറുമാറി വോട്ട് ചെയ്തതോടെ എൽഡിഎഫ് വിജയിച്ചിരുന്നു. അടുത്ത ദിവസം ജാഫർ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു.
"എന്റെ ലൈഫ് സെറ്റിലാക്കാൻ വേണ്ടിയിട്ടാണ് ഞാൻ ജീവിക്കുന്നത്. അതിനുള്ള ഒരു ഓപ്ഷൻ വരികയാണ്. ഇവിടെ 50 ലക്ഷമാണിപ്പോ ഓഫർ കിടക്കുന്നത്. ഒന്നും രണ്ടും റുപ്യ അല്ല. ഇയ്യാണേൽ അന്റെ കണ്ണ് മഞ്ഞളിക്കും.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ്. പ്രസിഡന്റെന്ന് പറയുന്പോ നീ എന്താ വിചാരിച്ചത്? അതിന്റെ പവറെന്താണെന്ന് നിനക്കറിയോ? ഇപ്പോ ഇങ്ങളെ കൂടെ നിന്നാ അത് നറുക്കെടുത്താലേ കിട്ട്വൊള്ളൂ. ഇതാകുന്പോ ഒന്നും അറിയണ്ട. നമ്മളവിടെ ചെന്ന് കസേരയിൽ കയറി ഇരുന്നാൽ മതി.
പൈസയൊക്കെ കിട്ടിയാൽ നമ്മള് സേഫാകൂലോ. പിന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട ആവശ്യോല്ലല്ലോ. അതുകൊണ്ടാ ഞാൻ പറഞ്ഞത്. ഇപ്പോ എനിക്കൊരു ഓപ്ഷൻ കിട്ടീട്ടുണ്ട്'- എന്നാണ് ജാഫർ പറയുന്നത്. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഡിഎഫിനും എൽഡിഎഫിനും ഏഴ് അംഗങ്ങൾ വീതമായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് അംഗമായിരുന്ന ലീഗ് സ്വതന്ത്രൻ ജാഫർ കൂറുമാറി വോട്ടുചെയ്തതോടെ വടക്കാഞ്ചേരി ബ്ലോക്ക് ഭരണം എൽഡിഎഫ് പിടിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജാഫർ വിട്ടുനിന്നതോടെ അതും എൽഡിഎഫിന് കിട്ടി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി പി.ഐ. ഷാനവാസാണ് ഇരുവരും തമ്മിലുള്ള ഫോണ് സംഭാഷണം പുറത്തുവിട്ടത്. ജാഫർ താനുമായി സംസാരിച്ച സംഭാഷണ രേഖയാണ് പുറത്തുവന്നതെന്നു
കോണ്ഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റായ എ.എ. മുസ്തഫ സ്ഥിരീകരിച്ചു. എന്നാൽ ഇത് ഫോണിലൂടെ തമാശയ്ക്കു പറഞ്ഞതാണെന്നാണു ജാഫറിന്റെ വിശദീകരണം.
Leave A Comment