തദ്ദേശ തെരഞ്ഞെടുപ്പിനായി എറണാകുളം ജില്ല സജ്ജം
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ജില്ല പൂര്‍ണ സജ്ജമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പത്രസമ്മേളനത്തില്‍ അറിയിച്ചു. 82 ഗ്രാമപഞ്ചായത്തുകളും 14 ബ്ലോക്ക് പഞ്ചായത്തുകളും 13 നഗരസഭകളും ഒരു കോര്‍പറേഷനും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ 111 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നത്.
നവംബര്‍ 14ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികപ്രകാരം 26,67,746 വോട്ടര്‍മാരിൽ 12,79,170 പുരുഷ വോട്ടര്‍മാരും 13,88,544 സ്ത്രീ വോട്ടര്‍മാരും 32 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്കായി 7374 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇതിൽ 3457 പുരുഷ സ്ഥാനാര്‍ഥികളും 3917 വനിതാ സ്ഥാനാര്‍ത്ഥികളുമാണുള്ളത്. ആകെ 10,834 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചിരുന്നത്. അതില്‍ 321 പത്രികകള്‍ തള്ളി, 3139 പത്രികകള്‍ പിന്‍വലിച്ചു.
വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗും പൂര്‍ത്തിയായി. 7490 ബാലറ്റ് യൂണിറ്റുകളും 3036 കണ്ട്രോള് യൂണിറ്റുകളും തെരഞ്ഞെടുപ്പിനായി കമ്മീഷന് ചെയ്ത് സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. റിസര്‍വ് യൂണിറ്റുകളും സജ്ജം. പോളിംഗ് ബൂത്തുകളിലെ ജോലികള്‍ക്കായി റിസര്‍വ് ജീവനക്കാര്‍ ഉള്‍പ്പെടെ 14544 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. അതിനുപുറമേ മറ്റു ജോലികള്‍ക്കായി ഏകദേശം പതിനായിരത്തോളം ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍
വോട്ടെടുപ്പ് ദിവസമായ ഒമ്പതിന് രാവിലെ ആറിന് അതാത് പോളിംഗ് സ്റ്റേഷനുകളില്‍ മോക് പോളിംഗ് നടക്കും. രാവിലെ എഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ് സമയം. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെ മാത്രമേ പരസ്യപ്രചാരണം നടത്താവൂ.
2220 വാര്‍ഡുകളിലായി 3021 പോളിംഗ് സ്റ്റേഷനുകള്‍
ജില്ലയിലാകെ 2220 വാര്‍ഡുകളിലായി 3021 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനുമായി 28 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
പോളിംഗ് സാമഗ്രികളുടെ വിതരണ ശേഖരണ കേന്ദ്രങ്ങളും, പോളിംഗ് സ്റ്റേഷനുകളും, വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബന്ധപ്പെട്ട ദിവസങ്ങളില്‍ അവധില്കും.
72 പ്രശ്നബാധിത ബൂത്തുകള്‍
ജില്ലയിലാകെ 72 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ഈ ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബസുകളും, മിനി ബസുകളും, കാറുകളും ജീപ്പുകളും ഉള്‍പ്പെടെ 1200 ഓളം വാഹനങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
കളക്ടറുടെ ചേംബറില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സുനില്‍ മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.ബി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Leave A Comment