ദേശീയം

വനിതാ സംവരണ ഭേദഗതി ബിൽ: തെരഞ്ഞെടുപ്പിനിടെ ബിൽ വേണ്ടെന്ന് കോൺഗ്രസ്

ന്യൂഡൽഹി: വനിത സംവരണ ഭേദഗതി  ബില്ലിനെതിരെ  കോൺഗ്രസ്.തെരഞ്ഞെടുപ്പിനിടെ ബിൽ വേണ്ടെന്ന് കോൺഗ്രസ്. പെരുമാറ്റ ചട്ടലംഘനമാകുമെന്നും ആരോപണം. വേഗത്തിൽ ബിൽ പാസാക്കാനുള്ള ബിജെപിയുടെ നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആണെന്നും സീറ്റ് വർദ്ധനവിനായുള്ള മണ്ഡല പുനർനിർണ്ണയം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നും കോൺഗ്രസ്  നേതാവ് മല്ലികാർജുൻ ഖാർഗെഖാർഗെ പറഞ്ഞു.

വിഷയത്തെ പറ്റി ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരസിക്കപ്പെട്ടുവെന്നും കേന്ദ്രത്തിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പ്രവർത്തക കാര്യ സമിതി വിഷയം ചർച്ച ചെയ്തു എന്നും പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് കൂട്ടായ തീരുമാനം എടുക്കും എന്നും ഖാർഗെ പറഞ്ഞു.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33% വനിതാ സംവരണം വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട് മണ്ഡല പുനർനിർണയത്തിനുള്ള ബില്ലും അംഗീകരിച്ചു. ഏപ്രിൽ 16ന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും.

2023ലെ നാരീശക്തി വന്ദൻ അധിനിയമത്തിലാണ് (വനിതാ സംവരണ നിയമം) ഭേദഗതി കൊണ്ടുവരുന്നത്.മണ്ഡല പുനർനിർണയത്തിലൂടെ 50% ലോക്‌സഭാ, നിയമസഭ സീറ്റുകൾ വർ‌ദ്ധിപ്പിക്കും. ലോക്‌സഭാ സീറ്റുകൾ 543ൽ നിന്ന് 816 ആകും. ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി നീക്കിവയ്ക്കും.

മണ്ഡല പുനർനിർണയത്തിന് 2027ൽ പൂർത്തിയാകുന്ന സെൻസസിനായി കാത്തിരിക്കില്ല. 2011സെൻസസ് ഡേറ്റയാകും ഉപയോഗിക്കുക. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വനിതാസംവരണം നടപ്പാക്കാനാണ് ശ്രമം.

33% സംവരണത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വനിതകൾക്ക് ക്വാട്ടയുണ്ട്. ഇതിനൊപ്പം ഒ.ബി.സി വിഭാഗത്തിലെ വനിതകൾക്ക് നിശ്ചിത ശതമാനം ക്വാട്ട അനുവദിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഒ.ബി.സിക്കും ക്വാട്ട വേണമെന്ന് കോൺഗ്രസ് നേതാവ് വി.ഹനുമന്ത റാവു ആവശ്യപ്പെട്ടു.

Leave A Comment