ക്രൈം

വ്യാജ ഓൺലൈൻ കമ്പനിയുണ്ടാക്കി ലക്ഷങ്ങൾ തട്ടി: മൂന്നുപേർ അറസ്റ്റിൽ

വടക്കേക്കര : ഓൺലൈൻ കമ്പനിയുടെ പേരു വ്യാജമായി ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ  തൃശൂർ മണലിത്തറ കണ്ടാരത്ത് വീട്ടിൽ രാജേഷ് (മലാക്ക രാജേഷ് - 46), തൃശൂർ ലാലൂർ തുരുത്ത് പല്ലിശേരി വീട്ടിൽ ഷിജോ (45), കോട്ടുവള്ളി പരിയാരം തോട്ടുങ്കൽ വീട്ടിൽ ജിബി (41) എന്നിവർ വടക്കേക്കര പൊലീസിൻ്റെ പിടിയിലായി. മൈ ക്ലബ് ട്രേഡേഴ്സ് എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഗ്ലോബൽ ഡയറക്ടറും, പ്രമോട്ടറും, ഫിനാൻസ് മാനേജരുമാണ് തങ്ങളെന്ന് പറഞ്ഞാണു മൂന്ന് പേരും തട്ടിപ്പു നടത്തിയത്.

ചിറ്റാറ്റുകര, വടക്കേക്കര മേഖലകളിൽ യോഗങ്ങൾ സംഘടിപ്പിച്ച് ആളുകളെ വിശ്വസിപ്പിച്ച ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. 1500 ഡോളറിനു തുല്യമായ തുകയുടെ യൂണിറ്റുകൾ ഇന്ത്യൻ രൂപയിൽ നിക്ഷേപിച്ചാൽ ഓരോ പ്രവൃത്തിദിവസങ്ങളിലും നിക്ഷേപിച്ച തുകയുടെ ഒരു ശതമാനം വീതം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ലാഭവിഹിതം കയറുന്നത് അറിയാൻ കഴിയുമെന്നും പറഞ്ഞിരുന്നു. ലാഭവിഹിതമോ നിക്ഷേപിച്ച പണമോ കിട്ടാതായതോടെ പണം നഷ്ടപ്പെട്ട ഒരാൾ പരാതി നൽകി.

ഇൻസ്പെക്ടർ വി സി സൂരജ്, എസ് ഐ എം എസ് ഷെറി, എഎസ്ഐ അബ്ദുൽ റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതേ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു വിവിധ സ്റ്റേഷനുകളിലായി രാജേഷിന്റെ പേരിൽ 26, ഷിജോയുടെ പേരിൽ 17 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Comment