പൂജയുടെ പേരിൽ മുഹമ്മദ് ഷാഫി തട്ടിയത് ആറുലക്ഷം രൂപ
കൊച്ചി : നരബലി സംഭവത്തിനു മുന്നേ മുഖ്യ പ്രതി മുഹമ്മദ് ഷാഫി രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും കൈയിൽ നിന്ന് ആറുലക്ഷം രൂപ കൈപ്പറ്റിയതായി അന്വേഷണത്തിൽ വ്യക്തമായി. തുടക്കത്തിൽ സാമ്പത്തിക ഇടപാടു സംബന്ധിച്ച കൃത്യമായ കണക്ക് പോലീസിന് ലഭിച്ചിരുന്നില്ല. 6,000 രൂപ മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നായിരുന്നു ആദ്യ മൊഴി. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനിടെയാണ് ഇത്രയും തുക വാങ്ങിയ കാര്യം ഷാഫി സമ്മതിച്ചത്. വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെ ശ്രീദേവിയെന്ന അപരനാമത്തിൽ ഭഗവൽസിങ്ങുമായി ബന്ധമുണ്ടാക്കിയ ശേഷമായിരുന്നു പണം വാങ്ങിയത്.
സിദ്ധനെക്കൊണ്ട് പൂജ നടത്തിയാൽ സാമ്പത്തിക നേട്ടവും ഐശ്വര്യവും ലഭിക്കുമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചു. സിദ്ധനെന്ന പേരിൽ ഷാഫി തന്നെയെത്തി പണം തട്ടിയെടുത്തു. ആദ്യം മൂന്ന് ലക്ഷം വാങ്ങി. വീണ്ടും പണം വേണമെന്ന് ഷാഫി നിർബന്ധിച്ചതിനെ തുടർന്ന് രണ്ടും പിന്നീട് ഒരു ലക്ഷവും കൈമാറി. പണമായി തന്നെയാണ് ഷാഫി ആറുലക്ഷവും വാങ്ങിയത്. ഭഗവൽ സിങ്ങിന്റെ വീട്ടിൽ പൂജയെന്ന പേരിൽ ചില കർമങ്ങൾ ഷാഫി നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കൊലപാതകം കൂടി നടത്തി അതിന്റെ പേരിലും പണം വാങ്ങാൻ മുഹമ്മദ് ഷാഫി പദ്ധതിയിട്ടിരുന്നതായാണ് അറിയുന്നത്. മൂന്നാമത്തെ ഇരയെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചതായും ചോദ്യം ചെയ്യലിൽ ഷാഫി സൂചന നൽകിയതായാണ് വിവരം. പത്മയുടെ കൊലപാതകത്തെ തുടർന്നാണ് ഷാഫിയും കൂട്ടാളികളും പിടിയിലായത്. ആദ്യ കൊലപാതകത്തിന്റെ േപരിൽ അന്വേഷണം തങ്ങളിലേക്ക് എത്താത്തത് പ്രതികൾക്ക് ധൈര്യമായി. പത്മയുടെ കൊലപാതകത്തെ തുടർന്ന് പ്രതികളെ പിടിക്കാതിരുന്നെങ്കിൽ മൂന്നാമതും കൊലപാതകം നടത്തിയേനെയെന്ന് പോലീസിന് സൂചന കിട്ടി.
ആദ്യഘട്ടത്തിൽ ഷാഫി മൂന്നാമതൊരു കൊലപാതകം നടത്തിയതായി പോലീസ് സംശയിച്ചിരുന്നു. ഇലന്തൂരിൽനിന്നു ലഭിച്ച മൃതദേഹ സാംപിളുകളുടെ ഡി.എൻ.എ. പരിശോധന പൂർത്തിയായാൽ മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂ. മനുഷ്യമാംസം വിറ്റാൽ ഇരുപത് ലക്ഷം വരെ ലഭിക്കുമെന്നും ഇതു വാങ്ങാൻ ബെംഗളൂരുവിൽ നിന്ന് ആളെത്തുമെന്നും ഷാഫി ദമ്പതിമാരെ തെറ്റിദ്ധരിപ്പിച്ചിരുന്നെങ്കിലും ഷാഫിക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളതിന്റെ തെളിവുകൾ പോലീസിന് കിട്ടിയിട്ടില്ല.
Leave A Comment