മോഷണശ്രമം; രണ്ടുസ്ത്രീകൾ പിടിയിൽ
ഇരിങ്ങാലക്കുട: കത്തിഡ്രൽ ദേവാലയത്തിൽ ദുഖ:വെള്ളി ദിനാചരണ പരിപാടികൾക്കിടയിൽ മാല മോഷണശ്രമം നടത്തിയ രണ്ട് സ്ത്രീകൾ പിടിയിലായി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശികളായ മുത്താത്ത(35), ശിങ്കമ്മാ(41) എന്നിവരാണ് പിടിയിലായത്.
പരിഹാരപ്രദക്ഷിണത്തിനിടയിൽ ഗാന്ധിഗ്രാം മാളിയേക്കൽ വീട്ടിൽ പോൾ ഭാര്യ ത്രേസ്യയുടെ രണ്ട് പവന്റെ താലിമാല മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച് ത്രേസ്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരിഹാര പ്രദക്ഷിണം സമാപിക്കുന്ന സമയത്ത് ദേവാലയങ്കണത്തിൽവച്ച് മറ്റൊരു വൃദ്ധയുടെ മാല കവരുവാൻ അറസ്റ്റിലായ സ്ത്രീകൾ ശ്രമം നടത്തിയിരുന്നു. മാല വലിച്ചെടുക്കുന്നതിൽ സംശയം തോന്നിയ വൃദ്ധ ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പോലീസിൽ വിവരം അറിയിച്ചു.
ഉടൻ തന്നെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇരിങ്ങാലക്കുട സിഐ അനീഷ് കരിമിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു. മാലമോഷണ സംഘത്തിൽ കൂടുതൽപേർ ഉണ്ടാകാനിടയുണ്ടെന്നും മുൻപും സമാന രീതിയിൽ കേസുകളിൽ ഉൾപെട്ടവരാണ് പ്രതികൾ എന്നും പോലിസ് പറഞ്ഞു.
Leave A Comment