അശ്ലീല സന്ദേശം, പരാതി നൽകി; ഒന്നും ചെയ്യാനാകില്ലെന്ന് സൈബർ പോലീസ്
കാക്കനാട്: അശ്ലീല സന്ദേശമയച്ച വ്യക്തിക്കെതിരെ പരാതി നൽകാനെത്തിയ പെൺകുട്ടിയോട് സൈബർ പോലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി. എറണാകുളം കാക്കനാട് സൈബർ പൊലീസിനെതിരേയാണ് പരാതി. അശ്ലീല സന്ദേശം ലഭിച്ച അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയല്ലാതെ മറ്റൊന്നും സാധിക്കില്ലെന്നും വേണമെങ്കിൽ കോടതിയിൽ പോകാൻ പറഞ്ഞെന്നും പെൺകുട്ടി ആരോപിക്കുന്നു.
മേയ് 28ന് രാവിലെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് രണ്ട് ഫോട്ടോ വരുന്നത്. തന്റെ പ്രഫഷണൽ അക്കൗണ്ടിൽ ഇട്ട രണ്ട് ഫോട്ടോകളെടുത്ത് മോർഫ് ചെയ്ത് വൾഗർ ആക്കി തിരിച്ചയച്ചതായിരുന്നു അവ. ഇത് കണ്ടപ്പോൾ തന്നെ നേരെ പോലീസിനെ സമീപിക്കുകയായിരുന്നു. അയച്ച ആളുടെ പ്രൊഫൈലിന്റെ വിവരങ്ങൾ വച്ച് പരാതി കൊടുത്തു. മരട് സ്റ്റേഷനിലാണ് ആദ്യം പരാതി നൽകിയത്. അവരാണ് നേരെ സൈബർ പോലീസിൽ പരാതി നൽകാൻ പറഞ്ഞത്.
അവിടെ ചെന്നപ്പോൾ, നിങ്ങളെന്തിനാണ് മരട് പോലീസിൽ പരാതി കൊടുത്തതെന്ന് ചോദിച്ച് വളരെ ധാർഷ്ട്യത്തോടെ പെരുമാറിയെന്നും പെൺകുട്ടി പറയുന്നു. പരാതി നൽകി ഒന്നര മാസമായിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് വീണ്ടും പോലീസിനെ സമീപിച്ചപ്പോഴാണ് ഒന്നും ചെയ്യാനാകില്ലെന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ മാത്രമേ കഴിയൂ എന്നും പറഞ്ഞത്.
തനിക്ക് സന്ദേശം അയച്ചത് മലപ്പുറം സ്വദേശിയാണെന്ന് പെൺകുട്ടി സ്വയം നടത്തിയ അന്വേഷണത്തിൽ മനസിലായിരുന്നു. ഈ കാര്യങ്ങളൊക്കെ പോലീസിനോട് പറഞ്ഞപ്പോൾ നിങ്ങൾക്ക് ദൈവഭാഗ്യം കൊണ്ട് ഈ വിവരങ്ങളൊക്കെ കിട്ടി, ഞങ്ങൾക്ക് അതിനുപോലുമുള്ള സൗകര്യങ്ങളില്ല എന്നായിരുന്നു പോലീസിന്റെ മറുപടിയെന്നും പരാതിക്കാരി ആരോപിക്കുന്നു.
Leave A Comment