ക്രൈം

യുവാവ് വീണ്ടും മദ്യപിക്കാൻ വന്നില്ല,പട്ടിക കൊണ്ട് മർദിച്ചു;സുഹൃത്തുക്കൾ പിടിയിൽ

കോവളം: സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവ് വീണ്ടും മദ്യപിക്കാന്‍ എത്തിയില്ല. ഇതിന്റെ വൈരാഗ്യത്തില്‍ വൈകീട്ട് തിരികെയെത്തിയ യുവാവിനെ റോഡില്‍വെച്ച് പട്ടികകൊണ്ട് നട്ടെല്ലില്ലും കാലിലും അടിച്ചു പരിക്കേല്‍പ്പിച്ചു.

ഗുരുതര പരിക്കേറ്റ യുവാവ് ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു.

വെങ്ങാനൂര്‍ നെല്ലിവിള മേലെ തട്ടുവിള വീട്ടില്‍ സ്വരാജിനെ(24)യാണ് അടിച്ചു പരിക്കേല്‍പ്പിച്ചത്. സുഹൃത്തുക്കളായ വെള്ളാര്‍ കൈതവിള ഹരിജന്‍ കോളനിയില്‍ രതീഷ്(39), വെള്ളാര്‍ കൈതവിള വീട്ടില്‍ ജിത്തുലാല്‍ (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 11-ന് വൈകീട്ട് വെള്ളാറിലായിരുന്നു സംഭവം.

യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചതിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ ഫോര്‍ട്ട് അസി. കമ്മിഷണര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ കോവളം എസ്.എച്ച്.ഒ. എസ്.ബിജോയ്, എസ്.അനീഷ് കുമാര്‍, എ.എസ്.ഐ.മാരായ മുനീര്‍, സുരേന്ദ്രന്‍, സി.പി.ഒ. സെല്‍വന്‍, നിതിന്‍ ബാല, സന്തോഷ് എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Comment