പെട്രോളൊഴിച്ച് വീടിന് തീ വെച്ച് വീട്ടുകാരെ വധിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട: കരൂപ്പടന്നയിൽ പെട്രോളൊഴിച്ച് വീടിന് തീ വെച്ച് വീട്ടുകാരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി.
ഒക്ടോബർ 31ന് രാത്രി 11 മണിയോടെ പോക്കാക്കില്ലത്ത് വീട്ടിൽ ജബ്ബാർ മകൻ ജാഫർ എന്നയാൾ കുടുംബമായി താമസിക്കുന്ന മുസാഫരിക്കുന്നിലുള്ള വീട് മുൻ വൈരാഗ്യം വെച്ച് തീവെച്ച് നശിപ്പിച്ച മുസാഫരിക്കുന്നിൽ താമസിക്കുന്ന മുടവൻകാട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ ബുറാക്ക് എന്ന് വിളിക്കുന്ന ഷെഫീക്കിനെ (42) യാണ് ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐ എം എസ് ഷാജൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
മൂന്നു വർഷം മുമ്പ് ഷെഫീക്കും ജാഫറും തമ്മിലുണ്ടായ തർക്കത്തിന്റെ പക വീട്ടാനാണ് ജാഫറിന്റെ വീട് പെട്രോളൊഴിച്ച് കത്തിച്ചതെന്ന് പ്രതി സമ്മതിച്ചു. നിരവധി കേസുകളിലെ പ്രതിയാണ് ഷെഫീക്.
ജാഫറിന്റെ മകളുടെ വിവാഹ നിശ്ചയത്തോടനുബന്ധിച്ച് വീട്ടുകാർ
ജാഫറിന്റെ ഭാര്യയുടെ വീട്ടിലേക്കു പോയിരുന്നു. അതുകൊണ്ടു മാത്രമാണ് ഒരു വലിയ വിപത്തിൽ നിന്ന് അവർ രക്ഷപ്പെട്ടത്.
സംഭവത്തിൽ വീടും വീട്ടുപകരണങ്ങളും രേഖകളും മറ്റും കത്തി നശിച്ചതിൽ മൂന്ന്
ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി കണക്കാക്കുന്നു.
സംഭവത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി കെ ഷൈജുവിന്റെ നിർദ്ദേശ പ്രകാരം പ്രതിക്കായുള്ള പോലീസിന്റെ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു.
ഒളിവിൽ പോയ പ്രതി കൊരട്ടിയിലുണ്ട് എന്ന വിവരത്തെ തുടർന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
എസ് ഐ മാരായ ക്ളീറ്റസ്, എൻ കെ അനിൽകുമാർ, കെ ആർ സുധാകരൻ, എ എസ് ഐ ഉല്ലാസ് പൂന്തോട്ട്, സീനിയർ സി പി ഓ വഹദ് ആനാപ്പുഴ, സി പി ഓമാരായ മുരളീകൃഷ്ണ, വിപിൻ, ഫ്രെഡ്ഡി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Leave A Comment