രാവിലെ ചായ നല്‍കാന്‍ വൈകി; ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
ലഖ്‌നൗ: ചായ നല്‍കാന്‍ വൈകിയെന്നാരോപിച്ച് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഭോജ്പുര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കൂലിപ്പണിക്കാരനായ ധര്‍മവീര്‍ (52) ആണ് ഭാര്യ സുന്ദരിയെ ക്രൂരമായി കൊന്നത്. ചായ ചോദിച്ചപ്പോള്‍ തയ്യാറാവാന്‍ കുറച്ചുസമയമെടുക്കുമെന്ന മറുപടിയില്‍ പ്രകോപിതനായ ഇയാള്‍ പിന്നിലൂടെചെന്ന് ഭാര്യയെ വെട്ടിവീഴ്ത്തുകയായിരുന്നു. നിലത്തുവീണയുടനെ സുന്ദരി മരിച്ചുവെന്ന് പോലീസ് പറഞ്ഞു.
''രാവിലെ ആറ് മണിക്ക് എഴുന്നേറ്റ സുന്ദരി അടുക്കളയില്‍ പാചകത്തിലായിരുന്നു. ഇതിനിടെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ ഭര്‍ത്താവ് ചായ വേണമെന്ന് ആവശ്യപ്പെട്ടു. ചായ തയ്യാറാവാന്‍ 10 മിനിറ്റ് സമയമെടുക്കുമെന്ന് സുന്ദരി ഭര്‍ത്താവിന് മറുപടി നല്‍കി. ഇതോടെ അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങള്‍ ധര്‍മവീര്‍ ചവിട്ടി തെറിപ്പിച്ചു. പിന്നീടായിരുന്നു ക്രൂരകൃത്യം നടന്നത്''-ഡി.സി.പി വിവേക് യാദവ് പറഞ്ഞു.
ഇവരുടെ മകനാണ് വിവരം പോലീസിന അറിയിച്ചത്. പിതാവിന് ദിവസം ആറ് തവണയെങ്കിലും ചായ കുടിക്കുന്ന ശീലമുണ്ടെന്നും എന്നാല്‍ മാതാവിനോട് ചെയ്ത ക്രൂരത താന്‍ കണ്ടില്ലെന്നും മകന്‍ പറഞ്ഞതായി ഡി.സി.പി അറിയിച്ചു. ധര്‍മവീറിനെതിരെ കൊലകുറ്റം ചുമത്തിയിട്ടുണ്ടെന്നും കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികള്‍ക്ക് മൂന്ന് ആണും ഒരു പെണ്ണും ഉള്‍പ്പെടെ നാല് മക്കളാണുള്ളത്.
Leave A Comment