ക്രൈം

മെട്രോയിൽ യാത്രക്കാരിക്ക് നേരേ സുരക്ഷാ ജീവനക്കാരന്റെ നഗ്നതാപ്രദര്‍ശനവും അശ്ളീല പ്രവൃത്തികളും

ബെംഗളൂരു: മെട്രോ സുരക്ഷാ ജീവനക്കാരന്‍ യാത്രക്കാരിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി. ബെംഗളൂരു മെട്രോയിലെ സുരക്ഷാ ജീവനക്കാരനില്‍നിന്നാണ് യാത്രക്കാരിക്ക് ദുരനുഭവം നേരിട്ടത്. വീഡിയോദൃശ്യങ്ങള്‍ സഹിതം യുവതി പരാതി ഉന്നയിച്ചതോടെ ബെംഗളൂരു പൊലീസ്  സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവിലെ ജലഹള്ളി മെട്രോ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെ എതിര്‍വശത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ യുവതിയെ തുടര്‍ച്ചയായി തുറിച്ചുനോക്കുകയും പിന്നാലെ നഗ്നതാപ്രദര്‍ശനം നടത്തിയെന്നുമാണ് പറയുന്നത്.

യുവതി തന്നെയാണ് വീഡിയോ സഹിതം സാമൂഹികമാധ്യമത്തിലൂടെ സംഭവം വെളിപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം നടന്നതെന്നും ഇയാളെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും അശ്ലീലആംഗ്യങ്ങള്‍ കാണിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

ജീവനക്കാരനെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് വീഡിയോദൃശ്യങ്ങള്‍ മെട്രോ അധികൃതര്‍ക്ക് അയച്ചുനല്‍കിയതായി യുവതി പറഞ്ഞിരുന്നു. എന്നാല്‍, മെട്രോ അധികൃതര്‍ തന്റെ പരാതിയില്‍ പ്രതികരിച്ചില്ലെന്നും യുവതി ആരോപിച്ചു. അതേസമയം, യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ബെംഗളൂരു പൊലീസ്  ഇവരെ ബന്ധപ്പെടുകയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Leave A Comment