ക്രൈം

24കാരിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍, ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് ഒളിവില്‍

ലണ്ടന്‍: യുകെയിൽ 24 കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവിനായി അന്വേഷണം ശക്തമാക്കി പൊലീസ്. ബ്രിട്ടനിലെ നോര്‍ത്താംപ്ടണ്‍ഷെയറില്‍ താമസിക്കുന്ന ഹര്‍ഷിത ബ്രെല്ലയുടെ (24) മൃതദേഹം ഈസ്റ്റ് ലണ്ടനില്‍ കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഒളിവില്‍ പോയ ഭര്‍ത്താവ് പങ്കജ് ലാംബയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് യുകെ പൊലീസ്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയ ശേഷം പങ്കജ് ലാംബ രാജ്യം വിട്ടതായാണ് യുകെ പൊലീസ് സംശയിക്കുന്നത്.

നോര്‍ത്താംപ്ടണ്‍ഷെയറില്‍നിന്ന് ഇയാള്‍ കാറില്‍ മൃതദേഹം ഇല്‍ഫോഡിലെത്തിച്ചു. ലാംബ ഇപ്പോള്‍ രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അറുപതിലേറെ ഡിറ്റക്ടീവുമാര്‍ ലാംബയ്ക്കായി അന്വേഷണം നടത്തുന്നുണ്ട്. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും കാഷ് പറഞ്ഞു.

ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്നു പറഞ്ഞ് ബുധനാഴ്ച പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കോര്‍ബിയിലെ സ്‌കെഗ്‌നെസ്സ് വോക്കിലെ ഇവരുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ ഇവരെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഇല്‍ഫോഡില്‍ കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടത്. ഹര്‍ഷിതയെ ആക്രമിച്ചത് അവള്‍ക്ക് അറിയാവുന്ന ആരോ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Leave A Comment