ക്രൈം

ഇരുപത്തിമൂന്ന് കിലോയോളം കഞ്ചാവുമായി കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ

ചാലക്കുടി: വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലയിലെ പ്രധാന സഞ്ചാര പാതകൾ കേന്ദ്രീകരിച്ച് നടത്തിയ വ്യാപകപരിശോധനകൾക്കിടയിൽ ചാലക്കുടി ഡിവൈഎസ്പി  കെ. സുമേഷിൻ്റെ നേതൃത്വത്തിൽ കൊടകരയിൽ ദേശീയപാതയോട് ചേർന്ന ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായി കണ്ടയാളിൽ നിന്നും ഇരുപത്തിമൂന്ന് കിലോയോളം കഞ്ചാവ് പിടികൂടി. 

അൻപതിലേറെ ലഹരി മരുന്ന്  കേസുകളിൽ പ്രതിയായ മാള പൂപ്പത്തി സ്വദേശി നെടുംപറമ്പിൽ വീട്ടിൽ ഷാജി എന്ന പൂപ്പത്തി ഷാജി (66 ) യാണ് പിടിയിലായത്. ഇയാൾക്ക് പട്ടിക്കുട്ടി ഷാജിയെന്നും വിളിപ്പേരുണ്ട്. ഒറീസയിൽ നിന്നും ട്രെയിൻമാർഗ്ഗവും ബസ് മാർഗ്ഗവും വൻതോതിൽ നിരോധിക്കപ്പെട്ട മയക്കുമരുന്നായ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചാലക്കുടിയിലും പരിസരങ്ങളിലും വിതരണം ചെയ്യാൻ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കൊടകരയിൽ വന്നിറങ്ങി ഓട്ടോറിക്ഷ കാത്ത് നിൽക്കവേയാണ് ഷാജിയെ പോലീസ് സംഘം പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ഷോൾഡർ ബാഗും മറ്റൊരു വലിയ ബാഗുമായി നിൽക്കുകയായിരുന്നു ഇയാൾ. പോലീസിനെകണ്ട് ബാഗുകളുമായി ഒളിക്കാൻ ശ്രമിച്ചതാണ് പിടിക്കപ്പെടാൻ ഇടയാക്കിയത്.

 പൂപ്പത്തിഷാജിക്ക് അൻപതിലേറെ കേസുകളുണ്ട്. രണ്ടായിരത്തി ഇരുപത് നവംബർ മാസം കേരളത്തിലേക്ക് കടത്തുകയായിരുന്ന ഇരുപത്തിരണ്ട് കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയോടൊപ്പം പിടിയിലായതിനെ തുടർന്ന് ഏഴര വർഷം കഠിന തടവിനും എഴുപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷവിധിച്ചിരുന്നു. ഈ ശിക്ഷാവിധിപ്രകാരം കുറച്ചുനാൾ ജയിലിൽ കിടന്ന ശേഷം അപ്പീൽ ജാമ്യത്തിലിറങ്ങി വീണ്ടും ബോംബെ തലയൻ ഷാജിക്കൊപ്പം കഞ്ചാവ് കടത്തലിൽ വ്യാപൃതനാവുകയായിരുന്നു.

ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്കുമാർ എം., ചാലക്കുടി സി.ഐ സജീവ് എം.കെ, കൊടകര സി.ഐ ദാസ് പി.കെ., സബ് ഇൻസ്പെക്ടർമാരായ പ്രദീപൻ എൻ., വി.പി അരിസ്റ്റോട്ടിൽ , റെജിമോൻ എൻ.എസ്,  ഡാൻസാഫ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, ഷീബ അശോകൻ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ് കൊടകര സ്റ്റേഷനിലെ എ.എസ്.ഐ സജു പൗലോസ്, ബെന്നി കെ.പി,സീനിയർ സിപിഒ പ്രതീഷ് പി.എ, സൈബർസെൽ ഉദ്യോസ്ഥരായ സനൂപ്, സിൽജോ, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ വിമൽ എന്നിവരാണ്  അന്വേഷണ സംഘത്തിൽ  ഉണ്ടായിരുന്നത്. 

കൊടകര പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അമ്പിളി സോമൻ, മൂന്നാം വാർഡ് മെമ്പർ സിബി തുടങ്ങിയവരും സംഭവസ്ഥലത്ത് സന്നിഹിതരായിരുന്നു.

കഞ്ചാവുമായി പിടിയിലായ ഷാജിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.

Leave A Comment