ക്രൈം

ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബാർ ജീവനക്കാരനെ യുവാവ് കുത്തി കൊലപ്പെടുത്തി

പുതുക്കാട്: ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്  ബാർ ജീവനക്കാരനെ യുവാവ് കുത്തി കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി 11.40 നായിരുന്നു സംഭവം. എരുമപ്പെട്ടി നെല്ലുവായി സ്വദേശി  62 വയസ്സുള്ള ഹേമചന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ  അളഗപ്പനഗർ സ്വദേശി സിജോയെ മണിക്കൂറുകൾക്കകം  പുതുക്കാട് പോലീസ് പിടികൂടി.

ഞായറാഴ്ച ഉച്ചക്ക് മെഫെയർ ബാറിൽ എത്തിയ യുവാവ് നിരന്തരം ടച്ചിങ് വാങ്ങിച്ചതിനെ ചൊല്ലി ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് ജീവനക്കാരെ  വെല്ലുവിളിച്ചാണ് ബാറിൽ നിന്നും ഇറങ്ങിപ്പോയത്. എന്നാൽ ടച്ചിങ്സ് തർക്കത്തിൽ  കൊല്ലപ്പെട്ട ഹേമ ചന്ദ്രൻ ഇടപെട്ടില്ലായിരുന്നു. ബാർ അടച്ചതിനു ശേഷം സമീപത്തെ തട്ടുകടയിൽ നിന്നും ചായകുടിച്ച ഹേമ ചന്ദ്രൻ  തിരിച്ച് ബാറിലേക്ക് കയറുന്നതിനിടയായിരുന്നു ആക്രമണം. ഇതേ ചായക്കടയിൽ അരമണിക്കൂർ മുൻപ് ചായക്കുടിച്ച് യുവാവ് സമീപത്തെ ഇടവഴിയിൽ പതുങ്ങി നിൽക്കുകയായിരുന്നു. 

ബാറിന്റെ ഗേറ്റ് അടയ്ക്കുന്നതിനിടെ ഹേമ ചന്ദ്രനെ പിന്തുടർന്ന  യുവാവ് യാതൊരു പ്രകോപനവും ഇല്ലാതെ കത്തികൊണ്ട് കഴുത്തിൽ കുത്തി ഓടിപ്പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹേമചന്ദ്രനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Comment