ക്രൈം

അച്ഛനെ കൊന്ന് ചാക്കിലാക്കി പറമ്പിൽ തള്ളി; മകന്‍ കസ്റ്റഡിയില്‍

തൃശൂര്‍: കൂട്ടാലയില്‍ അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചു. വീടിനു സമീപത്തെ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരന്‍ (80) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൂത്ത മകന്‍ സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സുമേഷ് പുത്തൂര്‍ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. രാവിലെ സുന്ദരന്റെ രണ്ടാമത്തെ മകനും കുടുംബവും പുറത്ത് പോയിരുന്നു. ആ സമയത്താണ് സുമേഷ് വീട്ടിലേക്ക് വന്നത്. സുന്ദരന്റെ മകളുടെ മക്കള്‍ ഇതേ വീട്ടിലായിരുന്നു താമസം. അവര്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് വന്നപ്പോള്‍ മുത്തശ്ശനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ ബ്ലഡ് കണ്ടെങ്കിലും ചായ വീണതാണെന്ന് കരുതി. വൈകിട്ട് 5 മണിയോടെ തെരച്ചില്‍ ആരംഭിച്ചു. തൊട്ടടുത്ത കാട് പിടിച്ച പറമ്പില്‍ മൃതദേഹം വലിച്ച പാട് കണ്ട് അന്വേഷിച്ചപ്പോഴാണ് ചാക്കില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

മണ്ണൂത്തി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. സുമേഷിനെ പുത്തൂരില്‍ നിന്നാണ് പിടികൂടിയത്. സുന്ദരന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്. കൊലപ്പെടുത്തുന്ന സമയത്ത് സുമേഷ് മദ്യലഹരിയിലാണെന്നും പൊലീസ് പറഞ്ഞു.

Leave A Comment