ക്രൈം

എക്സൈസിന്റെ ലഹരി വേട്ട; ചാലക്കുടിയിൽ ഹാഷിഷ് ഓയിലും ചരസുമായി യുവാക്കൾ പിടിയിൽ

ചാലക്കുടി: ചാലക്കുടിയില്‍ എക്സെെസിന്‍റെ ലഹരിവേട്ട.  കണ്ടയ്നർ ലോറിയിൽ കടത്തിയ മൂന്നര കിലോയോളം ഹാഷിഷ് ഓയിലും,  120 ഗ്രാം ചരസുമാണ് എക്സൈസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ ചാലക്കുടി എക്സെെസ് കസ്റ്റഡിയിലെടുത്തു.

പഴയന്നൂർ സ്വദേശി കൈതക്കോട്  ഇടപറമ്പിൽ വീട്ടിൽ  വി എസ് 
വിഷ്ണു (24),  എറണാകുളം പുതുവൈപ്പിൻ സ്വദേശികളായ പുളിയിൽ വീട്ടിൽ  സുനാസ് (25), പള്ളിപ്പറമ്പിൽ വീട്ടിൽ 
ഷാജി (26) എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

കെെകാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ദേശീയ പാത പോട്ട ആശ്രമം ജംഗ്ഷനിൽ  ജീപ്പ് റോഡിന് കുറുകെ ഇട്ടാണ് ലോറി പിടികൂടിയത്.തഞ്ചാവൂരിൽ ലോഡിറക്കി തിരിച്ചു വരുന്ന കണ്ട്യ്നർ ലോറിയിലാണ് ഹാഷിഷ് കടത്തിയത്. ലോറിക്ക് എസ്കോട്ടായി വന്ന മാരുതി സ്വിഫ്റ്റ് കാർ നിർത്താതെ പോയി. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

 ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ എസ് ബിജു ദാസും സംഘവുമാണ്  പ്രതികളെ പിടികൂടിയത്.
 നവംബർ ഒന്ന് വരെ  എൻ ഡി പി എസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായി തൃശ്ശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീകുമാറിന്   ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിൽ  ദേശീയപാതയിൽ   നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

 പ്രിവന്റിവ്  ഓഫീസർമാരായ കെ എസ് സതീഷ് കുമാർ, കെ എസ് മന്മഥൻ, ഗ്രേഡ് പ്രിവന്റ്റ്റീവ് ഓഫീസർ  പി കെ ആനന്ദൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിബിൻ  കെ വിൻസന്റ്, കെ പി ബെന്നി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സി എൻ സിജി, കെ വി നിമ്യ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave A Comment