സാമ്പത്തിക തട്ടിപ്പ്; പറപ്പൂക്കര പട്ടിക ജാതി സഹകരണ സംഘം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു
പുതുക്കാട് :രണ്ട് കോടി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ പറപ്പൂക്കര പട്ടിക ജാതി സഹകരണ സംഘം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. നന്തിക്കര മുലയ്ക്കല്‍ ജയലാലി (52)നെയാണ് പുതുക്കാട് പോലീസ് അറസ്റ്റു ചെയ്തത്. നിക്ഷേപതുക നഷ്ടപ്പെട്ട അഞ്ചംഗങ്ങള്‍ തൃശ്ശൂര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സൊസൈറ്റി സെക്രട്ടറിയെ കൂടി പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും മറ്റു നടപടിയുണ്ടായിട്ടില്ല. പ്രസിഡന്റും സെക്രട്ടറിയും പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
2002-ല്‍ നന്തിക്കരയില്‍ ആരംഭിച്ച സഹകരണ സംഘം ഭരണ സമിതിയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം തകരുകയായിരുന്നു. സംഘത്തിലെ 170 അംഗങ്ങളാണ് തട്ടിപ്പിനിരയായത്. സൊസൈറ്റി രജിസ്‌ട്രേഷന് പുറമെ ആവശ്യമായ പ്രതിദിന നിക്ഷേപ, സ്ഥിര നിക്ഷേപ പദ്ധതികളുടെ രജിസ്‌ട്രേഷനില്ലാതെയാണ് സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്നതെന്ന് നിക്ഷേപകര്‍ പറയുന്നു. ലോണ്‍ അനുവദിച്ചതിലും നിക്ഷേപം സ്വീകരിച്ചതിലുമെല്ലാം തിരിമറിയുണ്ടായിരുന്നു.
2012 മുതല്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പരിഹാര നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് 2017ല്‍ സൊസൈറ്റി തകര്‍ന്നു. വന്‍ തുകയുമായി ഭരണക്കാര്‍ മുങ്ങിയെന്ന് ആരോപിച്ച് നിക്ഷേപകരുടെ സമരസമിതി പ്രക്ഷോഭവും നടത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വാധീനവും ശക്തമായ ഇടപെടലും മൂലം നടപടികള്‍ നിര്‍ജീവാവസ്ഥയിലാണ്.
സൊസൈറ്റിയിലെ 170 അംഗങ്ങള്‍ക്കും ഒരു രൂപ പോലും തിരിച്ചു കിട്ടാന്‍ നാളിതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് സമര സമിതി പ്രവര്‍ത്തകര്‍ പറയുന്നു. 11 ലക്ഷം രൂപവരെ നഷ്ടപ്പെട്ട അംഗങ്ങള്‍ ഇപ്പോഴും തുക തിരിച്ചുകിട്ടാന്‍ എന്തു ചെയ്യണമെന്നറിയാതെ കഴിയുകയാണ്.
Leave A Comment