മാളയിലെ പോലീസ് സംഘത്തെ ആക്രമിച്ച കേസിലെ കൂട്ടുപ്രതികൾ പിടിയില്‍
മാള: മാളയിലെ പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ കൂട്ടുപ്രതികൾ പിടിയിൽ. പൊയ്യ മടത്തുംപടി ചക്കാട്ടിക്കുന്നിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയവരെ അന്വേഷിച്ചെത്തിയ പോലീസുകാരെ ആക്രമിച്ച കേസിലാണ് എറണാകുളം ജില്ലയിലെ ഇളന്തിക്കര സ്വദേശികളായ പുളിക്കൽ ജെഫിൻ (42 ), തെക്കിനിയത്ത് കാക്ക റിക്സൻ (26), മടത്തുംപടി പുളിക്കൽ തെണ്ടൻ ഷാജി (54) എന്നിവരെ മാള എസ്എച്ച്ഓ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ നവംബർ മാസം പതിമൂന്നാം തിയ്യതി രാത്രി എട്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം .ചക്കാട്ടിക്കുന്ന് കള്ളു ഷാപ്പിനു സമീപം രാത്രി എട്ടു മണിയോടെ മദ്യപിച്ച് സാമൂഹ്യ വിരുദ്ധർ അടികൂടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മാള എസ്സ് ഐ രമ്യ കാർത്തികേയനേയും മറ്റ് രണ്ട് പോലീസുകാരേയും മദ്യലഹരിയിലായിരുന്ന അഞ്ച് പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.
അന്നു രാത്രി തന്നെ പത്തിലധികം മോഷണ , അടിപിടി കേസുകളിൽ പ്രതികളായ ചക്കാട്ടിക്കുന്ന് സ്വദേശികളായ കോനാട്ട് വീട്ടിൽ സുജിത്തിനേയും , കീഴൂപാടം സ്വദേശി മുട്ടിക്കൽ വീട്ടിൽ സനോജിനേയും മാള പോലീസ് പിടികൂടിയിരുന്നു.
ഈ പ്രതികൾ ഇപ്പോൾ റിമാന്റിൽ കഴിഞ്ഞു വരികയാണ്.
ഒന്നും രണ്ടും പ്രതികളെ പോലീസ് പിടികൂടിയതറിഞ്ഞ
കാക്ക റിക്സനും ജിഫിനും വയനാട്ടിലെ പനമരം എന്ന സ്ഥലത്തെ ഇഷ്ടിക നിർമ്മാണ കേന്ദ്രത്തിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
പോലീസുകാർ രാത്രി വരുകയാണെങ്കിൽ മുന്നറിയിപ്പു ലഭിക്കുന്നതിനും ആക്രമിക്കുന്നതിനും മുന്തിയ ഇനത്തിൽപ്പെട്ട എട്ടോളം നായ്ക്കളെ ജിഫിൻ വീട്ടിൽ വളർത്തിയിരുന്നതിനാൽ പോലീസിന് ജിഫിനെ പിടികൂടുന്നത് ഏറെ
ശ്രമകരമായിരുന്നു. പ്രതികളുടെ ഒളിവു കേന്ദ്രം പോലീസ് മനസിലാക്കിയെന്ന സംശയത്തിൽ ഇരുവരും വീട്ടിൽ വന്ന് പണവും വസ്ത്രങ്ങളുമായി അയൽ സംസ്ഥാനത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പോലീസ് പിടിയിലാവുന്നത്.
ചക്കാട്ടിക്കുന്ന് കള്ള് ഷാപ്പ് കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ലഹരി കൂടിയ കള്ളാണ് ഷാപ്പിൽ വിതരണം നടത്തുന്നതെന്നും ആരോപിച്ച് നാട്ടുകാർ ഷാപ്പിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു. സബ്ബ് ഇൻസ്പെക്ടർ
ഫ്രാൻസിസ് എൻ പി , എ എസ്സ് ഐ ചന്ദ്രശേഖരൻ , സ്പെഷൽ ബ്രാഞ്ച് എ എസ്സ് ഐ മുരുകേഷ് കടവത്ത് , സീനിയർ സി.പി.ഒ മാരായ ജിബിൻ ജോസഫ് , ലിജു ആന്റണി, നവീൻ കുമാർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Leave A Comment