അഞ്ചുപേരെ വിവാഹം കഴിച്ച് പണവുമായി മുങ്ങി; പിടിയിലായത് ആറാമത് വിവാഹം കഴിച്ചയാളുടെ വീട്ടിൽനിന്ന്
ചെന്നൈ: അഞ്ചുപേരെ വിവാഹം കഴിച്ച് പണവും ആഭരണവും കവര്‍ന്ന യുവതിയെ പോലീസ് അറസ്റ്റുചെയ്തു. മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മി(32)യാണ് പിടിയിലായത്. ആറാമത് വിവാഹം കഴിച്ചയാളുടെ സേലത്തെ വീട്ടില്‍നിന്നാണ് മഹാലക്ഷ്മിയെ അറസ്റ്റുചെയ്തത്.
അഞ്ചാം വിവാഹത്തട്ടിപ്പിനിരയായ വിഴുപുരം മേല്‍മലയന്നൂരിലെ മണികണ്ഠന്റെ പരാതിയിലാണ് നടപടി. മണികണ്ഠനെ ഫെയ്സ്ബുക്കിലൂടെയാണ് മഹാലക്ഷ്മി പരിചയപ്പെടുന്നത്. കഴിഞ്ഞവര്‍ഷം നവംബര്‍ 18-ന് ഇവരുടെ വിവാഹം നടന്നു. ചടങ്ങില്‍ മഹാലക്ഷ്മിയുടെ വീട്ടുകാര്‍ ഉണ്ടായിരുന്നില്ല.
മൂന്നാഴ്ചയ്ക്കുശേഷം തന്റെ വീട്ടിലേക്കെന്നുപറഞ്ഞ് പോയ മഹാലക്ഷ്മി രണ്ടു ദിവസമായും തിരിച്ചുവന്നില്ല. മണികണ്ഠന്റെ ഫോണ്‍ കോളും നിരസിച്ചു. ഇതിനിടയിലാണ് വിവാഹസമയത്ത് തങ്ങള്‍ മഹാലക്ഷ്മിക്കു നല്‍കിയ എട്ടുപവന്‍ ആഭരണവും ഒരു ലക്ഷം രൂപയും കാണാതായതായി വീട്ടുകാരറിയുന്നത്. സംശയംതോന്നി മണികണ്ഠന്‍ വിളിച്ചപ്പോള്‍ മഹാലക്ഷ്മി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിനല്‍കി. അന്വേഷണത്തില്‍ മഹാലക്ഷ്മി സേലത്തുണ്ടെന്ന് മനസ്സിലാക്കി പോലീസെത്തി അറസ്റ്റുചെയ്യുകയായിരുന്നു. മണികണ്ഠന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ മഹാലക്ഷ്മി പിന്നീട് സിങ്കരാജ് എന്നയാളെ പരിചയപ്പെട്ട് വിവാഹം കഴിച്ചു ജിവിക്കുകയായിരുന്നുവത്രെ.
Leave A Comment