ജില്ലയിൽ 150ഓളം സർക്കാർ ജീവനക്കാർക്കു മുൻഗണ റേഷൻ കാർഡ്
തൃശൂർ: ജില്ലയിൽ ഏഴു താലൂക്കുകളിലായി ഭക്ഷ്യപൊതുവിതരണ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ അനർഹരെന്നു കണ്ടെത്തിയ 2,164 മുൻഗണനാ റേഷൻകാർഡുകൾ പൊതുവിഭാഗത്തിലേക്കു മാറ്റി. പരിശോധനയിൽ കണ്ടെത്തിയ അനർഹരിൽ 150 ഓളം സർക്കാർ ജീവനക്കാരുണ്ട്. ഒരേക്കറിനു മുകളിൽ സ്വന്തമായി ഭൂമിയുള്ള 48 പേരും സ്വന്തമായി ആഡംബര കാർ ഉള്ള 905 പേരും ആദായനികുതി ഒടുക്കുന്ന 23 പേരും ഈ പട്ടികയിലുണ്ട്.
മുൻഗണനാ റേഷൻകാർഡ് കൈവശം വച്ചിരുന്ന അനർഹരിൽ നിന്നു പിഴയിനത്തിൽ രണ്ടു കോടി രൂപയ്ക്കു മുകളിൽ സർക്കാരിലേക്ക് പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്നലെവരെ ഒരു കോടിക്കു മുകളിൽ പിഴ ഇനത്തിൽ ലഭിക്കുകയും ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസർ പി.ആർ. ജയചന്ദ്രൻ അറിയിച്ചു.
തൃശൂർ - 17,13,431 രൂപ, തലപ്പിള്ളി - 26,69,719 രൂപ, കുന്നംകുളം - 6,57,704 രൂപ, ചാവക്കാട് - 21,35,938 രൂപ, മുകുന്ദപുരം - 6,62,940 രൂപ, ചാലക്കുടി - 16,77,535 രൂപ, കൊടുങ്ങല്ലൂർ - 5,35,095 രൂപ എന്നിങ്ങനെ ആകെ 1,00,52,362 രൂപ പിരിഞ്ഞു കിട്ടി.
താലൂക്ക് സപ്ലൈ ഓഫീസർമാരായ ജോസി ജോസഫ്, സൈമണ്‍ ജോസ്, സാബു പോൾ തട്ടി ൽ, ടി.ജി. സിന്ധു, ഐ.വി. സുധീർകുമാർ, ജോസഫ് ആന്റോ, കെപി. ഷെഫീർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ റേഷനിംഗ് ഇൻസ്പെക്ടർമാരും മറ്റ് ജീവനക്കാരും ചേർന്നാണു പരിശോധനകൾ നടത്തുന്നത്.
Leave A Comment