'പരാതിയില്ല, ദേവസ്വത്തിന്റെ തീരുമാനം നന്മയ്ക്ക് വേണ്ടി': കുട്ടൻമാരാർ
തൃശൂർ: തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേള പ്രമാണി സ്ഥാനത്തുനിന്നും നീക്കിയതിൽ പ്രതികരണവുമായി പെരുവനം കുട്ടൻമാരാർ. മേള പ്രമാണി സ്ഥാനത്ത് നിന്ന് പാറമേക്കാവ് ദേവസ്വം ബോർഡ് തന്നെ നീക്കിയത് അംഗീകരിക്കുന്നുവെന്നും ദേവസ്വത്തിന്റെ തീരുമാനത്തിൽ പരാതിയില്ലെന്നും കുട്ടൻമാരാർ പറഞ്ഞു. പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വലുപ്പം മേളങ്ങളുടെ വലുപ്പമാണ്. പ്രമാണം വഹിക്കാൻ കഴിഞ്ഞ പൂരങ്ങളുടെ വലുപ്പമാണ്. കിഴക്കൂട്ട് അനിയന്മാരാർ നല്ല കലാകാരനാണ്. എല്ലാവർക്കും അവസരം വേണം. തന്റെയും പാറമേക്കാവ് ദേവസ്വത്തിന്റെയും നല്ലതിനായിരിക്കും തീരുമാനം. എന്നും പാറമേക്കാവ് ദേവസ്വത്തിന്റെ ഭാഗമായി തുടരും. ദേവസ്വവുമായി പ്രശ്നങ്ങളില്ലെന്നും കുട്ടൻമാരാർ മാധ്യമങ്ങളോട് വിശദീകരിച്ചു.
ചൊവ്വാഴ്ചയാണ് കുട്ടൻമാരാരെ മാറ്റിയ വിവരം ദേവസ്വം അറിയിച്ചത്. കഴിഞ്ഞ 24 വർഷമായി കുട്ടൻമാരാരായിരുന്നു മേളപ്രമാണി.
Leave A Comment