കരുതൽമേഖല വിഷയത്തിൽ യു.ഡി.എഫ്. ജനങ്ങൾക്കൊപ്പം: വി.ഡി. സതീശൻ
പീച്ചി : കരുതൽമേഖല വിഷയത്തിൽ ജനങ്ങൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടാകുംവരെ യു.ഡി.എഫ്. പ്രതിഷേധവുമായി ജനങ്ങൾക്ക് മുമ്പിൽ ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കരുതൽമേഖല വിഷയത്തിൽ യു.ഡി.എഫ്. ജില്ലാ കമ്മിറ്റി വിലങ്ങന്നൂരിൽ നടത്തിയ രാപകൽ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷികവിളകളുടെ വിലയിടിവും വന്യജീവി ആക്രമണവും കാരണം വലയുന്ന കർഷകനേറ്റ ഇരുട്ടടിയാണ് കരുതൽമേഖല എന്ന് കൂട്ടിച്ചേർത്തു.
ജില്ലയിൽ കരുതൽമേഖലയിൽ ഉൾപ്പെടുന്ന വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾ സമരത്തിൽ പങ്കെടുത്തു. അവരിൽനിന്ന് പ്രതിപക്ഷനേതാവ് നേരിട്ട് പരാതികൾ സ്വീകരിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം ശക്തമായി അവതരിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് ഉറപ്പുനൽകി.
യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് അധ്യക്ഷനായി. ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ, ഷാജി കോടങ്കണ്ടത്ത്, തോമസ് ഉണ്ണിയാടാൻ, കെ.സി. അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Leave A Comment