പുഴ കൈയേറ്റം തടയണം- കോൺഗ്രസ്
പാറക്കടവ് : പാറക്കടവ് പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കണ്ണംകുഴിശ്ശേരിയിൽ ചാലക്കുടിപ്പുഴ കൈയേറി റിസോർട്ടും പാർക്കും നിർമിച്ചുകൊണ്ടിരിക്കുന്നത് തടയണമെന്ന് കോൺഗ്രസ് പാറക്കടവ് മണ്ഡലം കമ്മിറ്റി.
പുഴയിലേക്ക് ഏതാണ്ട് 10 മീറ്ററോളം കരിങ്കല്ല് അടിച്ച് നികത്തിയാണ് പാർക്കും ബോട്ട്ജെട്ടിയും നിർമിക്കാനുള്ള ശ്രമം നടക്കുന്നത്. ഈ സ്ഥലം പെട്ടെന്ന് ആരുടെയും കണ്ണിൽപെടാത്ത രീതിയിലാണ് സ്ഥിതിചെയ്യുന്നത്. ചില പ്രാദേശിക നേതാക്കൾ അനധികൃത നിർമാണത്തിന് ആവശ്യമായ സഹായങ്ങൾ നൽകുകയാണെന്ന് അവർ ആരോപിച്ചു.
കൈയേറ്റം പുഴയുടെ എതിർവശത്തുള്ള തീരം ഇടിയാനിടയാക്കും. പുഴയിൽ വെള്ളമുയർന്നാൽ പൂവത്തുശ്ശേരി ചിറയിൽനിന്നു തിരിഞ്ഞ് കിഴക്കോട്ടോഴുകുന്ന പുഴ പ്രളയകാലത്തുണ്ടായപോലെ തെക്കോട്ടോഴുകി പൂവത്തുശ്ശേരി പ്രദേശം ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകും. അതിനാൽ പുഴയിൽ നിക്ഷേപിച്ചിരിക്കുന്ന 500 ലോഡോളം കരിങ്കല്ല് തിരികെ എടുപ്പിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വകുപ്പുമന്ത്രിക്കും മറ്റ് അധികൃതർക്കും പരാതി നൽകിയെന്ന് മണ്ഡലം പ്രസിഡൻറ് എം.പി. നാരായണൻ, വൈസ് പ്രസിഡൻറ് വി.ജി. ജനാർദനൻ എന്നിവർ അറിയിച്ചു.
Leave A Comment