ജില്ലാ വാർത്ത

പറവൂർ-മൂത്തകുന്നം പാതയിൽ കുഴിയും വെള്ളക്കെട്ടും

പറവൂർ: അഞ്ചുവർഷത്തെ ഗാരന്റിയോടെ ചെയ്ത റോഡ് ഒരുവർഷം കഴിഞ്ഞപ്പോഴേക്കും പലയിടത്തും തകർന്നു. ദേശീയപാത 66 മൂത്തകുന്നം-പറവൂർ റോഡിനാണ് ഈ അവസ്ഥ. കരാറുകാരാകട്ടെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നുമില്ല. വേണ്ട നടപടിയെടുക്കാൻ ചുമതലപ്പെട്ട ദേശീയപാത അധികൃതർക്കും കഴിയുന്നില്ല. ഇതോടെ കഷ്ടത്തിലായതാവട്ടെ പൊതുജനവും.

നിരവധിയിടങ്ങളിൽ വലിയ കുഴികളും വെള്ളക്കെട്ടുമുള്ള പാതയിൽ മഴ ശക്തിപ്പെട്ടതോടെ യാത്ര ദുരിതപൂർണമായി. അപകടങ്ങളും ഏറി. പറവൂർ വഴിക്കുളങ്ങര കവല മുതൽ മുനമ്പം കവല വരെ നിരവധി ഭാഗങ്ങളിൽ കുഴികളുണ്ട്. മൂത്തകുന്നം വരെയുള്ള ഭാഗത്തും കുഴിനിറഞ്ഞു. ഒരുവർഷം മുമ്പ് അഞ്ചുവർഷ ഗാരന്റിയിൽ ചെയ്ത ബി.എം. ആൻഡ് ബി.സി. ടാറിങ്ങിന്റെ ഭാഗമാണ് അടർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.

പറവൂർ പാലത്തിനു സമീപം കോട്ടക്കാവ് സെയ്ന്റ് തോമസ് ദേവാലയത്തിന്റെ വലിയ മതിലിനോടു ചേർന്ന് ആഴത്തിലുള്ള കുഴികളുണ്ട്. ഇവിടെ റോഡിന്റെ പകുതിയോളം ഭാഗം വെള്ളംനിറഞ്ഞു കിടക്കുന്നതിനാൽ പാലം ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് കുഴി കാണാനാകില്ല. രണ്ടു ദിവസത്തിനിടെ നാല് ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. ചിറ്റാറ്റുകര ജുമാ മസ്ജിദിന്‌ സമീപം ഒരുഭാഗത്ത് ടാറിട്ടത് ഒലിച്ചുപോയി നീളത്തിൽ കുഴിഞ്ഞിട്ടുണ്ട്. റോഡും ടൈൽ ഇട്ട ഭാഗവും സന്ധിക്കുന്ന സ്ഥലത്തുള്ള ഉയരവ്യത്യാസവും കുഴിയും ഇവിടം അപകടമേഖലയാക്കുന്നു.

കണ്ണൻകുളങ്ങര വളവിലും പട്ടണം കവലയ്ക്കടുത്തും മൂത്തകുന്നം ബസ് സ്റ്റോപ്പിന് സമീപവും അപകടകരമായ കുഴികളുണ്ട്. നേരത്തെ രൂപപ്പെട്ട കുഴികൾ താത്‌കാലികമായി അടച്ചെങ്കിലും അവിടെയും വീണ്ടും കുഴി തെളിഞ്ഞു.

Leave A Comment