എം എൽ യെ വെല്ലുവിളിച്ച് ഡെപ്യൂട്ടി തഹസീൽദാർ; സത്യം ജയിക്കുമെന്ന് കെ.യു. ജനീഷ് കുമാർ
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വിവാദത്തിനിടെ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയ്ക്കെതിരേ ഡെപ്യൂട്ടി തഹസീല്‍ദാരുടെ വാട്ട്സ്ആപ്പ് സന്ദേശം. ഒരു ഭിന്നശേഷിക്കാരനെ പണം നല്‍കി താലൂക്ക് ഓഫീസിലെത്തിച്ച് നാടകം കളിച്ചെന്നാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി. രാജേഷ് ജീവനക്കാരുടെ ഗ്രൂപ്പില്‍ ആരോപിച്ചത്.
എംഎല്‍എ ജനീഷ് കുമാര്‍ തന്നെ ഒരു നാടകം തയാറാക്കി അതില്‍ എംഎല്‍എ തന്നെ നിറഞ്ഞാടി. കസേരയില്‍ കയറിയിരിക്കാന്‍ എംഎല്‍എയ്ക്ക് ആരാണ് അധികാരം കൊടുത്തത്. ഈ വിഷയത്തിൽ എഡിഎമ്മിന് എല്ലാം മനസിലായിട്ടുണ്ട്.
താലൂക്ക് ഓഫീസിലെത്തി രേഖകള്‍ പരിശോധിക്കാന്‍ എംഎല്‍എയ്ക്ക് ആരാണ് അനുമതി നൽകിയത്. പത്ത് പേരെങ്കിലും സേവനം കിട്ടാതെ താലൂക്ക് ഓഫീസില്‍ നിന്ന് മടങ്ങിപോയെന്ന് ജനീഷ് കുമാര്‍ പറഞ്ഞത് വാസ്തവമാണെങ്കില്‍ താന്‍ ജോലി രാജിവയ്ക്കാമെന്നും രാജേഷ് സന്ദേശത്തിലൂടെ വെല്ലുവിളി ഉയര്‍ത്തിയിട്ടുമുണ്ട്.
അതിനിടെ കോന്നി താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീൽദാറിന്‍റെ വിമർശനത്തോട് പ്രതികരിച്ച് എംഎൽഎ കെ.യു. ജനീഷ് കുമാർ. എത്ര മറയ്ക്കാൻ ശ്രമിച്ചാലും കുറ്റക്കാരെ പുറത്ത് കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
അധിക്ഷേപങ്ങളെ താൻ ഭയക്കുന്നില്ല. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എംഎൽഎയെ അധിക്ഷേപിക്കാൻ ആരാണ് അനുമതി നൽകിയത്. പോസ്റ്റിട്ട ജീവനക്കാരനെതിരെ നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
തനിക്ക് റവന്യൂ മന്ത്രിയിൽ വിശ്വാസമുണ്ട്. സത്യം ജയിക്കുക തന്നെ ചെയ്യും. തെറ്റ് ചെയ്തവർക്ക് രക്ഷപ്പെടാനുളള വെപ്രാളമാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.
Leave A Comment