വൈലോപ്പിള്ളിയുടെ പേരിലെ നോട്ടീസിൽ ഗുരുതര പിഴവ്
കൊച്ചി: മലയാളത്തിലെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സാഹിത്യശ്രേഷ്ഠ പുരസ്‌കാരത്തിന് കവിതകൾ ക്ഷണിച്ച സംഘാടകർ പുറത്തിറക്കിയ നോട്ടീസിൽ ഗുരുതര പിഴവ്. മലയാളത്തിന്റെ പ്രിയ കവി വൈലോപ്പിള്ളി ശ്രീധരമേനോൻ എന്ന പേരിന് പകരം വൈലോപ്പിള്ളി നാരായണമേനോൻ എന്ന് തെറ്റായാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കവിയുടെ പേരുപോലും അറിയാത്തവരാണ് സ്മരണാർത്ഥം അവാർഡ് നൽകുന്നതെന്ന് സാമൂഹിക മാധ്യമങ്ങളിൽ ആക്ഷേപം ഉയരുന്നുണ്ട്. 2023 മെയ് 14ന് ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന ‘വൈലോപ്പിള്ളി സ്‌മൃതി മധുരം 2023’ എന്ന പരിപാടിയുടെ ഭാഗമായാണ് പ്രസ്തുത നോട്ടീസ് പുറത്തിറക്കിയത്.
25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന സാഹിത്യശ്രേഷ്ഠ അവാർഡിന് കവിതകൾ ക്ഷണിക്കുന്നതാണ് നോട്ടീസിലെ ഉള്ളടക്കം. കൂടാതെ, പ്രത്യേക പരാമർശത്തിന് അർഹരായ അഞ്ച് പേർക്ക് 5000 രൂപയും പ്രശസ്തി പത്രവും ഓരോ മത്സരാർത്ഥിക്കും വൈലോപ്പിള്ളിയുടെ പേരിൽ ഫെലോഷിപ് നൽകുമെന്നും നോട്ടീസിലുണ്ട്. എന്നാൽ, കവിയുടെ പേരുപോലും അറിയാത്ത സംഘടകരാണോ കവിയുടെ പേരിലുള്ള അവാർഡ് നൽകുന്നത് എന്ന ചോദ്യത്തോടെയാണ് ഈ പോസ്റ്റർ സാമൂഹിക മാധ്യങ്ങളിൽ പ്രചരിക്കുന്നത്.
Leave A Comment