വടക്കുംപുറം ജലോത്സവം ; താണിയനും മയിൽപ്പീലിയും ജേതാക്കൾ
പറവൂർ : പെരിയാറിന്റെ കായലോളങ്ങളെ കീറിമുറിച്ചുള്ള വാശിയേറിയ വടക്കുംപുറം ജലോത്സവത്തിൽ താണിയനും മയിൽപ്പീലിയും ജേതാക്കൾ. ഇരുട്ടുകുത്തി വള്ളങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ്ബ് കൊച്ചിൻ ടൗണിന്റെ താണിയൻ, ഐബി.ആർ. ബോട്ട് ക്ലബ്ബ് അരൂക്കുറ്റിയുടെ സെയ്ന്റ് സെബാസ്റ്റ്യൻ ഒന്നാമനെ പരാജയപ്പെടുത്തിയാണ് വിജയകിരീടം ചൂടിയത്. ബി ഗ്രേഡ് ഫൈനലിൽ ജി.ബി.സി. ഗോതുരുത്തിന്റെ ഗോതുരുത്ത് വള്ളത്തെ തോൽപ്പിച്ചാണ് ഗരുഡ ബോട്ട് ക്ലബ്ബിന്റെ മയിൽപ്പീലി ജേതാക്കളായത്. കോവിഡ്മൂലമുള്ള നീണ്ട രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വടക്കുംപുറം ജലോത്സവം അരങ്ങേറിയത്. അതുകൊണ്ടുതന്നെ ജലോത്സവം വീക്ഷിക്കാൻ നൂറുകണക്കിന് ജലോത്സവ പ്രേമികളാണ് എത്തിയിരുന്നത്.
പെരിയാറിന്റെ കൈവഴിയായ വടക്കുംപുറം കായലിലായിരുന്നു ജലമേള. 11 വള്ളങ്ങളാണ് ഇരുവിഭാഗങ്ങളിലുമായി മത്സരിച്ചത്. പി.കെ.എം. ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബായിരുന്നു സംഘാടകർ. ജലോത്സവം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ്, മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. കെ. ശിവശങ്കരൻ, ഇ. ജയദേവൻ, എ.എസ്. അനിൽകുമാർ, ബെന്നി ജോസഫ്, പി.വി. മണി, ശ്രീജിത്ത് മനോഹർ, രഞ്ജിത്ത് മോഹൻ, സുരേഷ്, ടി.ആർ. ശ്രീരാജ്, ശ്രീദേവി സുരേഷ് എന്നിവർ സംസാരിച്ചു. മുനമ്പം ഡി.വൈ.എസ്.പി. എം.കെ. മുരളി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ആര്യ സുരേഷ്, ബസന്ത്കുമാർ, എം.ജെ. തോമസ് എന്നിവരെ ആദരിച്ചു.
Leave A Comment