അരിക്കൊമ്പൻ മേഘമലയിൽത്തന്നെ; കേരളം സിഗ്നൽ വിവരങ്ങൾ നല്കുന്നില്ലെന്ന് തമിഴ്നാട്
തൊടുപുഴ: പെരിയാർ വന്യജീവിസങ്കേതത്തിൽ നിന്ന് കേരള അതിർത്തികടന്ന അരിക്കൊമ്പൻ തമിഴ്നാട്ടിലെ മേഘമലയ്ക്ക് സമീപമുള്ള വനമേഖലയിൽത്തന്നെയെന്ന് റിപ്പോർട്ട്. അതേസമയം, ശനിയാഴ്ച രാത്രി ആന ജനവാസമേഖലയിൽ ഇറങ്ങിയില്ല. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതിന്‍റെ ഭാഗമായി ഞായറാഴ്ചയും മേഘമലയിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. വെടിപൊട്ടിച്ച് അരിക്കൊമ്പനെ കാടുകയറ്റാനുള്ള ശ്രമവും വനപാലകർ നടത്തുന്നുണ്ട്.
ഹൈവേസ് ഏസ്റ്റേറ്റിനും മണലാറിനുമിടയിലെ വനമേഖലയിലാണ് കൊമ്പൻ ശനിയാഴ്ച തമ്പടിച്ചിരുന്നത്. നേരത്തെ രണ്ടുതവണ മേഘമലയിലെത്തിയ ആന തിരികെ പെരിയാറിലെത്തിയിരുന്നു. എന്നാൽ ഇത്തവണ ആന മടങ്ങാൻ കൂട്ടാക്കാതിരുന്നതാണ് ആശങ്ക പരത്തുന്നത്.
വെള്ളിയാഴ്ച രാത്രിയിൽ അരിക്കൊന്പൻ മേഘമല ഹൈവേസ് എസ്റ്റേറ്റിനു സമീപമെത്തി വാഴക്കൃഷി നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനയെ വനത്തിലേക്ക് തുരത്തി.
വനംവകുപ്പിന്റെ വാഹനത്തിനുനേരേയും ആനയെത്തി. ചിന്നക്കനാലിനു സമാന കാലാവസ്ഥയും സാഹചര്യങ്ങളുമുള്ളതിനാൽ മേഘമലയിലേക്ക് അരിക്കൊന്പൻ വീണ്ടും എത്താനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. അതിനാൽ ലയത്തിലുള്ളവരോട് ജാഗ്രത പാലിക്കണമെന്നും രാത്രിയിൽ പുറത്തിറങ്ങരുതെന്നും തമിഴ്നാട് വനംവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
അതേസമയം, അരിക്കൊമ്പന്‍റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വിവരങ്ങൾ കേരളം നല്കുന്നില്ലെന്ന് തമിഴ്നാട് ആരോപിച്ചു. എന്നാൽ ആന ഉൾക്കാട്ടിലായതിനാൽ കൃത്യമായി സിഗ്നൽ കിട്ടുന്നില്ലെന്നാണ് കേരള വനംവകുപ്പ് പറയുന്നത്.
Leave A Comment