കുതിരാന്‍ സമീപം ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; ഗതാഗത നിയന്ത്രണം
തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. റോഡിന്റെ വശം മൂന്നടിയോളം ആഴത്തില്‍ താഴ്ന്നതോടെ പ്രദേശത്ത് വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്.റോഡ് ഇടിഞ്ഞ് താഴ്ന്നതോടെ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ദേശീയപാതയുടെ ഒരു വശം ഒറ്റവരിയായാണ് വാഹനങ്ങൾ പോകുന്നത്. ഭാരവാഹനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രധാന റോഡിന്റെ വശം ഇടിഞ്ഞു സർവീസ് റോഡിലേക്ക് വീഴാൻ സാധ്യതയുണ്ട്. പീച്ചി പോലീസിന്റെ നേതൃത്വത്തിൽ സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. സ്ഥലത്ത് ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജയും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി.
ഒരാഴ്ച മുന്‍പാണ് പാലക്കാട്ടുനിന്നു തൃശൂര്‍ ഭാഗത്തേയ്ക്ക് വരുന്ന റോഡിൽ കുതിരാൻ തുരങ്കത്തിന് സമീപം റോഡിന്റെ ഒരു വശത്ത് വിള്ളല്‍ ദൃശ്യമായത്. പിന്നാലെ മന്ത്രി കെ.രാജന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷം പാര്‍ശ്വഭിത്തി പുതുക്കി കെട്ടാന്‍ തീരുമാനിച്ചിരുന്നു.
Leave A Comment