കോണ്‍ഗ്രസ് പുനഃസംഘടന പ്രസവവേദന പോലെ: കെ.സി. വേണുഗോപാല്‍
കൊച്ചി: കോണ്‍ഗ്രസ് പുനഃസംഘടന പ്രസവ വേദന പോലെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. തുടങ്ങിയാല്‍ എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കോണ്‍ഗ്രസിന്റെ പുതിയ ജില്ലാ ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും സ്ഥാനാരോഹണ ചടങ്ങ് കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹത്തിലെ താഴേത്തട്ടിലുള്ള ജനങ്ങളുമായുള്ള ബന്ധത്തിന്റെ വിടവാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സാധാരണ ജനങ്ങളുടെ പ്രാരാബ്ദം മനസിലാക്കാന്‍ വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ് വീടുകളില്‍ പോയിട്ട് കാര്യമില്ല. കോണ്‍ഗ്രസിന്റെ കാര്‍ബണ്‍ കോപ്പിയല്ല മഹിളാ കോണ്‍ഗ്രസ്. ജാഥ നടത്തി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പരിപാടി മാത്രമല്ല വേണ്ടത്. ഏറ്റെടുക്കുന്ന വിഷയങ്ങളില്‍ ചലനം ഉണ്ടാക്കാന്‍ കഴിയണം. വീട്ടമ്മമാരുടെ പ്രശ്നങ്ങളിലാണ് മഹിളാ കോണ്‍ഗ്രസ് ഇടപെടേണ്ടത്. നവംബറിന് മുമ്പ് ബൂത്ത് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കിയാല്‍ സംഘടനെയ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
രാഹുലിനെ അയോഗ്യനാക്കാനുള്ള ബിജെപിയുടെ നീക്കം ഹിമാലയ മണ്ടത്തരമാണ്. രാഹുലിനായി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി അണിനിരക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും, മണിപ്പുരില്‍ ആക്രമത്തിനിരയായവര്ക്കും യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മേത്താ ഡിസുസാ, കേരളത്തിന്റെ ചുമതലയുള്ള മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷെമീൻ ഷെഹ്ബാന്‍, എംഎല്‍എമാരായ കെ.ബാബു, റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, ഉമ തോമസ്, ടി.ജെ. വിനോദ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. മിനിമോള്‍, ബിന്ദു കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു. 285 ബ്ലോക്ക് പ്രസിഡന്റുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മേത്താ ഡിസൂസ സത്യവാചകം ചൊല്ലിക്കൊടുത്തു.
Leave A Comment