രണ്ടാംഘട്ടത്തിന് വേഗം കൂടി ; മൂന്ന് മെട്രോ സ്റ്റേഷനുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ ഭാഗമായി മൂന്നു സ്റ്റേഷനുകളുടെ നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, ചിറ്റേത്തുകര സ്റ്റേഷനുകളുടെ നിര്‍മാണത്തിനായുള്ള ടെന്‍ഡറുകളാണ് ക്ഷണിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെയും ഇ-ടെന്‍ഡര്‍ കേരളയുടെയും വെബ്സൈറ്റുകള്‍ വഴി ടെന്‍ഡറില്‍ പങ്കെടുക്കാം.
സെപ്റ്റംബര്‍ പകുതിയോടുകൂടി കരാര്‍ കമ്പനിയെ തിരഞ്ഞെടുത്ത് നിര്‍മാണം ഏല്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പ്രോജക്ടസ് വിഭാഗം ഡയറക്ടര്‍ ഡോ. എം.പി. രാംനവാസ് അറിയിച്ചു. നിലവില്‍ രണ്ട് സ്റ്റേഷനുകളുടെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാഭരണ സിരാകേന്ദ്രത്തിന് സമീപം കാക്കനാട് ജംഗ്ഷന് സ്റ്റേഷന്റെയും തൊട്ടടുത്ത സ്റ്റോപ്പായ പ്രത്യേക സാമ്പത്തിക മേഖല (സെസ്) സ്റ്റേഷന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.
കാക്കനാട് ജംഗ്ഷന് സ്റ്റേഷന്റെ പൈലിംഗിന് മുന്നോടിയായുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചതെങ്കില്‍ സെസ് സ്റ്റേഷന്റെ പൈലിംഗ് ജോലികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മൂന്ന് സ്റ്റേഷനുകളുടെ നിര്‍മാണ ടെന്‍ഡര്‍ കൂടി ക്ഷണിച്ചിട്ടുള്ളത്.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് മുതല്‍ കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ പ്രരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം മുതല്‍ കുന്നുംപുറം വരെയുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായി.
ജെഎല്‍എന്‍ മുതല്‍ പാലാരിവട്ടം വരെ 90 ശതമാനം ഭൂമി ഏറ്റെടുക്കലും പൂര്‍ത്തിയായി. അടുത്തമാസം അവസാനത്തോടെ ഈ മേഖലയില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്. 11.2 കിലോമീറ്റര്‍ വരുന്നതാണ് രണ്ടാംഘട്ടം. പാലാരിവട്ടം ജംഗ്ഷന്, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍, കാക്കനാട്, കൊച്ചിന് സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക് 1, ഇന്‍ഫോപാര്‍ക്ക് 2 എന്നിങ്ങനെ 11 സ്റ്റേഷനുകളുണ്ട്. ഫ്രാന്‍സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈജിസ് റെയില്‍ എന്ന കമ്പനിയാണ് ഡിസൈന്‍ തയാറാക്കിയിരിക്കുന്നത്. 2310 കോടി രൂപയോളമാണ് നിര്‍മാണ ചെലവ്.
രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കാക്കനാട് മെട്രോ പാതയ്ക്ക് അനുമതി തേടി 2015 ലാണ് ആദ്യം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങി. പിന്നീട് പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം പദ്ധതി രൂപരേഖയില്‍ മാറ്റം നിര്‍ദേശിച്ചു.
ഇതനുസരിച്ചു തയാറാക്കിയ രൂപരേഖ 2018 ല്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചു. 2019 ഫെബ്രുവരി 26ന് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് 2022 സെപ്റ്റംബര്‍ ഒന്ന് പ്രധാനമന്ത്രി പദ്ധതിക്ക് തറക്കലിട്ടു.
ഏഴു ദിവസം കഴിഞ്ഞ് കേന്ദ്ര കാബിനറ്റ് പദ്ധതിക്ക് അന്തിമാനുമതി നല്കി. ഫ്രഞ്ച് വികസന ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Leave A Comment