ജില്ലാ വാർത്ത

പാലിയേക്കരയിൽ പുതുക്കിയ നിരക്കിൽ ടോൾ പിരിവ് സെപ്തംബർ1 മുതൽ ആരംഭിക്കും

തൃശൂർ: ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ ഓഡിറ്റ് റിപ്പോർട്ട് നിർദേശങ്ങൾ പരിഹരിക്കാതെ പാലിയേക്കര ടോൾപ്ലാസയിൽ വീണ്ടും ടോൾ നിരക്ക് ഉയർത്താൻ തീരുമാനം. നിലവിലെ കരാർ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. 

പുതിയ അറിയിപ്പ് പ്രകാരം കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോൾനിരക്കിൽ മാറ്റമില്ല. ദിവസത്തിലുള്ള ഒന്നിൽ കൂടുതൽ യാത്രകൾക്ക് അഞ്ച് മുതൽ 10 രൂപവരെ വർധനവുണ്ട്. രാജ്യത്തെ ഓരോ വർഷത്തേയും പ്രതിശീർഷ ജീവിത നിലവാരസൂചികയ്ക്ക് അനുപാതമായാണ് മണ്ണൂത്തി - ഇടപ്പിള്ളി ദേശീയ പാതയിലെ ടോൾനിരക്ക് പരിഷ്കരിക്കുന്നത്. 

ടോൾപാതയിലെ യാത്രകൾ സുരക്ഷിതമല്ലെന്നും 10 ബ്ലാക്ക് സ്‌പോട്ടുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വലിയ അപകട സാധ്യതയുണ്ടെന്നും ദേശീയപാത അതോറിറ്റിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. 
പുതുക്കിയ ടോൾനിരക്കുകൾ വെള്ളിയാഴ്ച മുതൽ നിലവിൽ വരും.

കാർ, ജീപ്പ്, വാൻ -ഒരുദിവസം വശത്തേക്ക് - 90 രൂപ. ഒരുദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് - 140 രൂപ.

ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് - 160 രൂപ. ഒന്നിൽ കൂടുതൽ യാത്രകൾക്ക് - 240 .
ബസ്, ലോറി, ട്രക്ക് - ഒരുവശത്തേക്ക് 320, ഒന്നിൽ കൂടുതൽ യാത്രകൾക്ക് - 480.

മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 515, ഒന്നിൽ കൂടുതൽ യാത്രകൾക്ക് - 775.
ടോൾപ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് ഒരുമാസത്തേക്കുള്ള ടോൾനിരക്ക് 150 രൂപയും 20 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് 300 രൂപയുമാണ്.

സുരക്ഷാ ഓഡിറ്റ് നിർദേശങ്ങൾ പാലിക്കാതെയും കരാർ പ്രകാരമുള്ള അനുബന്ധ സംവിധാനങ്ങൾ പൂർത്തിയാക്കാതെയും പാലിയേക്കരയിൽ ടോൾ നിരക്ക് ഉയർത്താനുള്ള നീക്കം തടയാനാകാതിരുന്നത് സർക്കാരിൻ്റെ അനാസ്ഥമൂലമാണെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റും ജില്ലാ പഞ്ചായത്തംഗവുമായ ജോസഫ് ടാജറ്റ് പറഞ്ഞു.
ടോൾ വർധിപ്പിക്കാതിരിക്കാൻ സാങ്കേതികവും നിയമപരവുമായ കാര്യങ്ങൾ കാണിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയിട്ടും അതിൽ ഇടപെടാതെ കത്ത് ദേശീയപാത അതോറിറ്റിയുടെ റീജിയണൽ ഓഫീസിലേക്ക് കൈമാറുക മാത്രമാണ് മന്ത്രി ചെയ്തത്. കരാർ പ്രകാരമുള്ള അനുബന്ധ സംവിധാനങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്ന് എൻ.എച്ച്.എ.ഐ. തന്നെ സമ്മതിച്ച വിവരാവകാശ രേഖയും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 
പ്രശ്നത്തിൽ ഇതുവരെ റിപ്പോർട്ട് ആവശ്യപ്പെടാത്തതും സർക്കാരിൻ്റെ അനാസ്ഥയുടെ തെളിവാണ് . 

ടോൾനിരക്ക് വർദ്ധനവിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാർ മൗനം പാലിക്കുന്നത് കരാർ കമ്പനിയെ സഹായിക്കുന്നതിനാണെന്നും ജോസഫ് ടാജറ്റ് ആരോപിച്ചു.

Leave A Comment