ജില്ലാ വാർത്ത

രക്തം സ്വീകരിച്ച യുവതിക്ക് ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചതായി പരാതി

ആലുവ : ആലുവ ജില്ലാ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച യുവതിക്ക് ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചതായി പരാതി. താലസീമിയ രോഗിയായ ആലുവ കുന്നത്തേരി സ്വദേശിനിയായ 27കാരിക്കാണ് ഗുരുതരമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഹെപ്പറ്റൈറ്റിസ് വൈറസ് ബാധ കണ്ടെത്തി. ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (എൻ.എ.ടി.) സംവിധാനം ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. താലസീമിയ രോഗിയായ യുവതി കഴിഞ്ഞ 27 വർഷമായി രക്തപ്പകർച്ചയിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. 15 ദിവസത്തിനിടെ രക്തം പകർച്ച നടത്തണം.

അമൃത ആശുപത്രിയിലെ ഡോക്ടർമാർ മാസത്തിൽ മൂന്ന് ദിവസം ജില്ലാ ആശുപത്രിയിൽ സൗജന്യമായി സേവനം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ ലാബ് ടെസ്റ്റിലാണ് ഹെപ്പറ്റൈറ്റിസ് വൈറസായ എച്ച്.ബി.എസ്.എ.ജി. കണ്ടെത്തിയത്. തുടർന്ന് അമൃത ആശുപത്രിയിൽ തന്നെ തുടർചികിത്സ നടത്തുകയായിരുന്നു.

ആലുവ ജില്ലാ ആശുപത്രിയിൽനിന്ന് തന്നെ ഇപ്പോഴും യുവതി രക്തപ്പകർച്ച നടത്തുന്നുണ്ട്. എറണാകുളം ഐ.എം.എ.യിൽ നിന്ന് എൻ.എ.ടി. നടത്തിയ രക്തമാണ് യുവതിക്കായി പ്രത്യേകം എത്തിക്കുന്നത്. എൻ.എ.ടി. സംവിധാനമില്ലാത്തതിനാൽ ആലുവ ഹീമോഫീലിയ സെന്ററിൽ രക്തപ്പകർച്ച നടത്തുന്ന രോഗികൾ ആശങ്കയിലായി. നൂറോളം രോഗികളാണ് ആലുവ സെന്ററിനെ ആശ്രയിക്കുന്നത്.

Leave A Comment