ജില്ലാ വാർത്ത

പാലിയേക്കര ടോൾ പ്ലാസ സമരം; എം.പിമാർക്കും കണ്ടാലറിയാവുന്ന 145 പേര്‍ക്കുമെതിരെ കേസ്

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ക്കും മറ്റു നേതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ടോൾ പ്ലാസ മാനേജരുടെ പരാതിയിൽ ആണ് പുതുക്കാട് പോലീസ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാക്കളായ ടി എൻ പ്രതാപൻ എം.പി, രമ്യ ഹരിദാസ് എം.പി, മുന്‍ എം.എല്‍.എ അനിൽ അക്കര, ജോസ് വള്ളൂർ, ജോസഫ് ടാജറ്റ് എന്നിവർക്കും കണ്ടാലറിയാവുന്ന  145 പേർക്കെതിരെയും ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടോൾ ഗെയ്റ്റിലുണ്ടായ നാശനഷ്ടം ഉൾപ്പെടെ ഏഴു ലക്ഷം രൂപയിൽ അധികം നഷ്ടമുണ്ടായതായാണ് ടോള്‍ പ്ലാസ അധികൃതരുടെ പരാതി.

ഇഡി റെയ്ഡ് നടത്തിയ പാലിയേക്കര ടോള്‍ പ്ലാസയിൽ ഇന്നലെയാണ് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തിയത്. തൃശ്ശൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ അഴിമതിയ്ക്കെതിരെ നടത്തിയ ടോള്‍ വളയല്‍ സമരം അക്രമത്തില്‍ കലാശിച്ചിരുന്നു. പൊലീസുമായുള്ള ഉന്തും തള്ളലില്‍ ടി.എന്‍. പ്രതാപന്‍ എംപി, മുന്‍ എംഎല്‍എ അനില്‍ അക്കര എന്നിവര്‍ക്ക് പരിക്കേറ്റെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. 

എംപിയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നീട് ടോള്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജയും റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെയും നേരിട്ടെത്തി നടത്തിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരം ചെയ്ത രണ്ടു മണിക്കൂര്‍ ടോള്‍ ഗേറ്റുകള്‍ മുഴുവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്നിട്ടിരുന്നു.

Leave A Comment