ജില്ലാ വാർത്ത

ഒപ്പിട്ടശേഷം ഗ്രാമപഞ്ചായത്ത് ഓഫീസടച്ച് ജീവനക്കാര്‍ കല്യാണത്തിന് പോയി; വലഞ്ഞ് ജനം

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഗ്രാമപഞ്ചായത്ത് ഓഫീസടച്ച് ജീവനക്കാര്‍ കല്യാണത്തിന് പോയി. പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് സെക്രട്ടറിയുടെ മകന്റെ കല്യാണം കൂടാനാണ് ജീവനക്കാര്‍ ഒന്നാകെ ഓഫീസ് പൂട്ടിയിട്ട് പോയത്. ശനിയാഴ്ച രാവിലെ ഓഫീസിലെത്തി രജിസ്റ്ററില്‍ ഒപ്പിട്ട ശേഷമാണ് എല്ലാവരും കല്യാണത്തിന് പോയത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി 10 മണിക്ക് ശേഷം ഓഫീസിലെത്തിയ പൊതുജനങ്ങള്‍ ബുദ്ധിമുട്ടിലായി. 

ഫ്രണ്ട് ഓഫീസില്‍ ഇരിക്കുന്ന ആളോട് തിരക്കിയപ്പോഴാണ്‌ എല്ലാവരും കല്യാണത്തിന് പോയതാണെന്ന വിവരം അറിഞ്ഞത്. ഇതോടെ ചെറിയ പ്രതിഷേധവും ഓഫീസില്‍ നടന്നുവെന്നാണ് വിവരം. സംഭവം വിവാദമായതോടെ ഓഫീസില്‍ വന്നവരുടെ ഫോണ്‍ നമ്പര്‍ വാങ്ങി തങ്ങള്‍ ഉടന്‍ ഓഫീസിലെത്തുമെന്ന് വിളിച്ചുപറഞ്ഞ് ജീവനക്കാരില്‍ ചിലര്‍ അനുനയ ശ്രമങ്ങളും നടത്തിയതായാണ് വിവരം. അതേസമയം പഞ്ചായത്തിലും ഫ്രണ്ട് ഓഫീസിലും ജീവനക്കാര്‍ ജോലിക്കുണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പികെ മുരളീധരന്‍ പറഞ്ഞു.

Leave A Comment