ജില്ലാ വാർത്ത

സര്‍വീസ് ബോട്ട് ഇടിച്ച് വള്ളം മുങ്ങി; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; അന്വേഷണം

കോട്ടയം: അയ്മനത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ച് ഒഴുക്കില്‍പ്പെട്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുടവച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനശ്വരയാണ് മരിച്ചത്. രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം. 

അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് പെണ്‍കുട്ടി പ്രധാന ബോട്ടുജെട്ടിയിലേക്ക് പോകാനായി എത്തിയത്. ഇടത്തോട്ടില്‍ നിന്നും പ്രധാന ജലപാതയിലേക്ക് കയറുന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം.

കുട്ടിയും അമ്മയും സഞ്ചരിച്ചിരുന്ന വള്ളം അപ്പോള്‍ അതുവഴി വന്ന സര്‍വീസ് ബോട്ടിന് മുന്നില്‍പ്പെട്ടു. തടിവള്ളത്തിന്റെ മധ്യഭാഗത്തായി ബോട്ട് ഇടിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വെള്ളത്തില്‍ വീണു. അമ്മയും സഹോദരിയും അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മ കുട്ടിയുടെ കൈ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വഴുതി പോകുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. 

കോട്ടയത്തു നിന്ന് അടക്കമുള്ള ഫയര്‍ഫോഴ്‌സ് സംഘം മൂന്നുമണിക്കൂറോളം തിരച്ചില്‍ നടത്തിയശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്. കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

അതേ സമയം കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

Leave A Comment