ജില്ലാ വാർത്ത

തൃശൂർ കോര്‍പ്പറേഷന്റെ അമൃത് പദ്ധതി അഴിമതി കേന്ദ്ര സമിതി അന്വേഷിക്കും

തൃശൂർ: തൃശൂർ കോര്‍പ്പറേഷനില്‍ നടപ്പാക്കുന്ന 56 കോടിയുടെ അമൃത് കുടിവെള്ള പദ്ധതിയെപ്പറ്റി ഉയര്‍ന്ന അഴിമതി ആരോപണം കേന്ദ്ര സമിതി അന്വേഷിക്കും. ബിജെപി നല്‍കിയ പരാതിയിലാണ് അന്വേഷണം. അഴിമതി ആരോപണം തൃശൂര്‍ മേയര്‍ തള്ളിയിട്ടുണ്ട്. തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് 800 എംഎം പൈപ്പ് സ്ഥാപിച്ച് പീച്ചിയിൽ നിന്ന് തേക്കൻകാട് മൈതാനം വരെ കുടിവെള്ളം എത്തിക്കുന്ന അമൃത് പദ്ധതിയില്‍ ഇരുപത് കോടിയുടെ ക്രമക്കേടുണ്ടെന്ന ആരോപണം ഉയര്‍ത്തിയത് മുന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയായിരുന്നു.

പദ്ധതിയുടെ പൈപ്പ് വാങ്ങുന്നതിനുള്‍പ്പടെയുള്ള ആദ്യ ഘട്ടത്തില്‍ 20 കോടിയുടെ വ്യാജ ബില്ല് തയാറാക്കിയെന്നായിരുന്നു കോര്‍പ്പറേഷന്‍ സെക്രട്ടറിയായിരുന്ന ആര്‍ രാഹേഷ് കുമാര്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെയാണ് ബിജെപി പരാതിയുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. മുന്‍ സെക്രട്ടറി ഉന്നയിച്ച ആരോപണം തള്ളിയ തൃശൂര്‍ മേയര്‍ ഏതന്വേഷണവും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. 

പീച്ചി മുതല്‍ തേക്കിന്‍കാട് വരെ പതിനെട്ട് കിലോമീറ്ററിലാണ് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. പതിനൊന്ന് കിലോമീറ്ററില്‍ ഇതിനോടകം പണി പൂര്‍ത്തിയായി. രണ്ടര കിലോമീറ്ററിലധികം വെള്ളം വിട്ട് മര്‍ദ്ദം പരിശോധിച്ചു. അവശേഷിക്കുന്ന പണികള്‍ മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജല അതോറിറ്റിയുടെ സഹകരണത്തോടെ കോര്‍പ്പറേഷന്‍ എഞ്ചിനിയറിങ് വിഭാഗമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തുന്നത്. ഇപ്പോഴുയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങള്‍ പദ്ധതി വൈകിപ്പിക്കാനാണെന്ന ആക്ഷേപവും ഭരണ പക്ഷത്തിനുണ്ട്.

Leave A Comment