ജില്ലാ വാർത്ത

തൃശൂർ കോർപറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ : തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താല്‍ക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്‍റെ മുറിയില്‍ ആണ് സതീശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കോര്‍പറേഷനില്‍ ആരോഗ്യവിഭാഗത്തിന്‍റെ ഡ്രൈവറാണ് സതീശൻ. നൈറ്റ് ഡ്യൂട്ടിയാണ് ഇദ്ദേഹത്തിന് പതിവായി ഉണ്ടാകാറ്. ഇന്നലെ രാത്രിയിലും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏഴുവർഷമായി കോര്‍പറേഷനില്‍ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്ത് വരികയാണ്. ആത്മഹത്യയെന്ന നിഗമനത്തിലാണ് സഹപ്രവര്‍ത്തകര്‍. എന്നാല്‍ എന്താണ് മരണത്തിലേക്ക് നയിച്ചത് എന്നതില്‍ ഒരു സൂചനയും ഇവര്‍ക്കാര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. 

വളരെ സന്തോഷപൂര്‍വം ജോലി ചെയ്ത് വരികയായിരുന്ന സതീശൻ പെട്ടെന്ന് എന്താണ് ഇങ്ങനെ ചെയ്യാൻ എന്നാണ് ഇവര്‍ ചോദിക്കുന്നത്. വീട്ടുകാര്‍ക്കും ഇത് സംബന്ധിച്ച് അറിവില്ല. മൃതദേഹം കോര്‍പറേഷൻ ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)*

Leave A Comment