ജില്ലാ വാർത്ത

സി വിജില്‍: തൃശൂര്‍ ജില്ലയില്‍ 7327 പരാതികള്‍, 6927 പരാതികള്‍ പരിഹരിച്ചു

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് സി വിജില്‍ ആപ്ലിക്കേഷന്‍ വഴി തൃശൂര്‍ ജില്ലയില്‍ ഇതു വരെ ലഭിച്ചത് 7327 പരാതികളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ ശരിയെന്നു കണ്ടെത്തിയ 6927 പരാതികള്‍ പരിഹരിച്ചു. 400 എണ്ണം തള്ളി. ലൊക്കേഷന്‍ വ്യക്തമാവാത്തതും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അനുവാദത്തോടെ പതിച്ച പോസ്റ്റര്‍ നീക്കണമെന്ന് ആവശ്യപ്പെട്ട പരാതികളാണ് ഒഴിവാക്കിയതില്‍ ഏറെയും. ശരാശരി 39 മിനിറ്റില്‍ തന്നെ പരാതികളില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തൃശൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്- 1081 എണ്ണം. ഇതില്‍ 1040 എണ്ണം പരിഹരിച്ചു. കുറവ് ചാലക്കുടിയിലും - 245. ഇതില്‍ 235 എണ്ണത്തിന് പരിഹാരമായി. ഗുരുവായൂര്‍ 309, ചേലക്കര 330, ഇരിഞ്ഞാലക്കുട 493, കൈപ്പമംഗലം 676, കൊടുങ്ങല്ലൂര്‍ 547, കുന്നംകുളം 592, മണലൂര്‍ 505, നാട്ടിക 941, ഒല്ലൂര്‍ 593, പുതുക്കാട് 337, വടക്കാഞ്ചേരി 325 എന്നിങ്ങനെയാണ് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ പരിഹരിച്ച പരാതികളുടെ കണക്ക്.
 
പൊതു ഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചാരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചിട്ടുള്ളത്. കളക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ കോണ്‍ഫറന്‍സ് റൂമിനോട് ചേര്‍ന്നാണ് സി-വിജില്‍ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സി-വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്‍കാം. 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave A Comment