ജില്ലാ വാർത്ത

കുന്നംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്, ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു

തൃശൂര്‍: ചെറുകഥാകൃത്ത് സി.വി. ശ്രീരാമന്റെ പേരില്‍ കുന്നംകുളത്ത് സ്മാരക കെട്ടിടം നിര്‍മിക്കുന്നതിനെ ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും. സംഘര്‍ഷത്തില്‍ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് പരുക്കേറ്റു. വനിത അംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടി. 

അജന്‍ഡയില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ അജന്‍ഡകള്‍ വായിച്ച് പാസാക്കിയതായി പ്രഖ്യാപിച്ച ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ട് പുറത്തേക്ക് പോകാനായി ശ്രമിക്കുന്നതിനിടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിന്റെ വാതില്‍ ഉള്ളില്‍നിന്നും പൂട്ടി ഭരണകക്ഷി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും ബന്ദികളാക്കിയത്. തുടര്‍ന്നാണ് ഉന്തും തള്ളും സംഘര്‍ഷവും അരങ്ങേറിയത്.

പ്രതിപക്ഷം വനിത കൗണ്‍സിലര്‍മാരെ മുന്നില്‍ നിര്‍ത്തിയാണ് കൗണ്‍സില്‍ ഹാള്‍ പൂട്ടിയിട്ടത്. പിന്നീട് നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലും തീരുമാനമാകാത്ത സാഹചര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ബലമായി കൗണ്‍സില്‍ ഹാളിന്റെ വാതില്‍ തുറക്കുന്നതിനിടെ പോലീസ് സ്ഥലത്തെത്തി.

ഇതോടെ വാതില്‍ തുറന്ന് പുറത്തു കടക്കുകയും ചെയ്തു. ഇതിനിടെ നിരവധി തവണ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ഉന്തുംതള്ളും ഉണ്ടായി. കോണ്‍ഗ്രസ് അംഗങ്ങളായ ബിജു സി. ബേബി, ലെബീബ് ഹസന്‍, സി.പി.എം. അംഗങ്ങളായ ഷെബീര്‍, സുജീഷ്, ബി.ജെ.പി. അംഗം ബിനു പ്രസാദ് എന്നിവര്‍ തമ്മില്‍ തമ്മിലും ചില വനിത കണ്‍സിലര്‍മാര്‍ നേരിട്ടും സംഘര്‍ഷത്തിലേര്‍പ്പെട്ടു.

Leave A Comment