ജില്ലാ വാർത്ത

അടിമാലിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ മരം വീണു

ഇടുക്കി: അടിമാലി കുമളി ദേശീയപാതയിൽ അടിമാലി പോലീസ് സ്റ്റേഷന് സമീപം വലിയ മരം കടപുഴകി ബസ്സിനു മുകളിലേക്ക് പതിച്ചു. ശാന്തന്‍പാറയില്‍ നിന്നും തൊടുപുഴയ്ക്ക് സർവീസ് നടത്തുകയായിരുന്ന ശക്തി ബസിന്  മുകളിലേക്കാണ് മരം പതിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ബസിന്റെ മുൻഭാഗം പൂർണ്ണമായി തകരുകയും ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. രാജാക്കാട് സ്വദേശിനി ഷീലയ്ക്ക് നിസാര പരിക്കേറ്റു. ഷീലയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരം വീണ് ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഫയര്‍ ഫോഴ്‌സ് ,പോലീസ്,നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് മരം മുറിച്ചു നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

Leave A Comment