ജില്ലാ വാർത്ത

എയര്‍ഇന്ത്യ പൈലറ്റിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: എയര്‍ഇന്ത്യ പൈലറ്റിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോരഖ്പുര്‍ സ്വദേശിനിയായ സൃഷ്ടി തുലിയെ (25) മുംബൈയിലെ അന്ധേരിയിലെ താമസസ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ആണ്‍ സുഹൃത്ത് ഡല്‍ഹി സ്വദേശിയായ ആദിത്യ പണ്ഡിറ്റിനെ (27) പോലീസ് അറസ്റ്റുചെയ്തു.

അതേ സമയം സംഭവത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. യുവതിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം ആരോപിച്ചു. ആദിത്യ കൊലപ്പെടുത്തിയതാണെന്നും മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമാണ്ആരോപണം. ആദിത്യ പൊതുസ്ഥലത്തുവെച്ച് സൃഷ്ടിയെ അപമാനിച്ചുവെന്നും മാംസാഹാരം കഴിക്കുന്നതില്‍നിന്ന് വിലക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. 

ഞായറാഴ്ച ജോലി കഴിഞ്ഞെത്തിയ സൃഷ്ടിയും ആദിത്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ ആദിത്യ ഡല്‍ഹിയിലേക്ക് തിരിച്ചു. ആദിത്യയെ ഫോണില്‍ വിളിച്ച സൃഷ്ടി, താന്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ആദിത്യ സൃഷ്ടിയുടെ താമസസ്ഥലത്തേക്ക് തിരിച്ചു. വാതില്‍ അകത്തുനിന്ന് പൂട്ടിയതായി മനസിലാക്കിയ ആദിത്യ, പകരം താക്കോല്‍ എത്തിച്ച്‌ വാതില്‍ തുറന്നു. ചലനമറ്റുകിടക്കുന്ന സൃഷ്ടിയെ കണ്ട് പോലീസിനെ വിവരം അറിയിച്ചു. ആദിത്യ തന്നെ സൃഷ്ടിയെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ ഇക്കാര്യം കുടുംബത്തേയും പോലീസിനേയും അറിയിച്ചു.

കോടതിയില്‍ ഹാജരാക്കിയ ആദിത്യയെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സൃഷ്ടിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

Leave A Comment