ജില്ലാ വാർത്ത

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു, തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ 4 കൺട്രോൾ റൂമുകൾ തുറന്നു

ഇരിങ്ങാലക്കുട: കേരളത്തിൽ കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനായി തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 4 കൺട്രോൾ റൂമുകൾ തുറന്നതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS അറിയിച്ചു. ചാലക്കുടി, കൊടുങ്ങല്ലൂർ,  ഇരിങ്ങാലക്കുട DYSP ഓഫീസുകളിലും തൃശ്ശൂർ റൂറൽ  ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലുമാണ്  കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയത്. അടിയന്തിര സാഹചര്യങ്ങളിൽ പൊതു ജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

കൺട്രോൾ റൂം  ചാലക്കുടി : 9497933756 

കൊരട്ടി, ചാലക്കുടി, അതിരപ്പിള്ളി, കൊടകര, വെള്ളിക്കുളങ്ങര, പുതുക്കാട്, വരന്തരപ്പിള്ളി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ താമസിക്കുന്നവർക്ക് ബന്ധപ്പെടാവുന്നതാണ്.

    കൺട്രോൾ റൂം കൊടുങ്ങല്ലൂർ : 04802800561
 
  കൊടുങ്ങല്ലൂർ, മതിലകം, കൈപ്പമംഗലം, വലപ്പാട്, വാടാനപ്പിള്ളി, അഴീക്കോട് കോസ്റ്റൽ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ താമസിക്കുന്നവർക്ക് ബന്ധപ്പെടാവുന്നതാണ്.

  കൺട്രോൾ റൂം   ഇരിങ്ങാലക്കുട : 04802828000

ഇരിങ്ങാലക്കുട, കാട്ടൂർ, ചേർപ്പ്, അന്തിക്കാട്, ആളൂർ, മാള പോലീസ്   സ്റ്റേഷൻ പരിധികളിൽ താമസിക്കുന്നവർക്ക്  ബന്ധപ്പെടാവുന്നതാണ്.

ഇത് കൂടാതെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം 04802991368 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

കൊടുങ്ങല്ലൂർ കോട്ടപ്പുറം കോട്ടയിൽ ഇന്ന് രാവിലെ 09.50 മണിയോടെ കല്ലറക്കൽ വീട്ടിൽ ആന്റണി ടോണി എന്നയാളുടെ വീടിന് മുകളിലേക്ക് തേക്ക് മരം വീണതായി വിവരം ലഭിച്ചതനുസരിച്ച് കൊടുങ്ങല്ലൂർ പോലീസ് കൺട്രോൾ റൂമിലെ സബ് ഇൻസ്പെക്ടർ ക്ലീറ്റസ്.സി.എം, സിവിൽ പോലീസ് ഓഫീസർ പ്രമോദ് എന്നിവർ സ്ഥലത്ത് ചെന്ന് വീട്ടുകാരെ തെട്ടടുത്ത വീട്ടിലേക്ക് മാറ്റി പാർപ്പിച്ച് മരം   മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 

മൂന്നുപീടീക ഇരിങ്ങാലക്കുട റോഡിൽ കാക്കതുരുത്തി എന്ന സ്ഥലത്ത് റോഡിലേക്ക് മരം കടപുഴകി വീഴുകയും ഗതാഗതം തടസപ്പെട്ടതായും വിവരം ലഭിച്ചതനുസരിച്ച് കാട്ടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബാബു ജോർജ്, സിവിൽ പോലീസ് ഓഫീസർ കിരൺ എന്നിവർ സ്ഥലത്ത് ചെന്ന് നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ഇരിങ്ങാലക്കുട JFCM കോടതി കെട്ടിടത്തിന്റെ  മുകളിലേക്ക് വളർന്ന് നിന്നിരുന്ന അപകടാവസ്ഥയിലുള്ള മരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നാസ്സർ.കെ.എം, സിവിൽ പോലീസ് ഓഫീസർ ഷാബു എന്നിവരുടെ നേതൃത്ത്വത്തിൽ മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കി. 

കൈപ്പമംഗലം  NH 66 നാഷ്ണൽ ഹൈവേയിൽ മൂന്നുപീടിക സെൻ്ററിന്  HDFC ബാങ്കിന് സമീപം ഇന്ന് രാവിലെ 09.40 മണിയോടെ കാറ്റിൽ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കൈപ്പമംഗലം പോലീസ് സ്ഥലത്ത് ചെന്ന് നാട്ടുകാരുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ച് മരം നീക്കി ഗതാഗതം പുനസ്ഥാപിച്ചു. 

കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നെല്ലായി ആനന്ദപുരം റോഡിൽ ഇന്ന് രാവിലെ 09.30 മണിയോടെ മരം കടപുഴകി റോഡിന് കുറുകെ ചരിഞ്ഞ് ഇലക്ട്രിക് പോസ്റ്റിൽ തങ്ങി നിന്ന് ഗതാഗതം തടസ്സപ്പെട്ടു. കൊടകര പോലീസ് സ്റ്റേഷൻ എ എസ് ഐ മാരായ ബൈജു, ഗോകുലൻ, ആഷിക്, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ മരം മുറിച്ച് മാറ്റി. 

ആളൂർ താഴേക്കാട് ആൽത്തറയിൽ വലിയ ആൽമരത്തിന്റെ ഒരു ഭാഗം അടർന്നു വീഴുകയും മരക്കൊമ്പ് സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളിലേയ്ക്കും വീണ്  ഏതാനും പോസ്റ്റുകൾ നിലം പതിക്കുകയും തൽസമയം ആ വഴി കൂടി പോകുകയായിരുന്ന ഒരു ബൈക്ക് യാത്രക്കാരന്റെ ദേഹത്തേക്ക് പോസ്റ്റ് മറിഞ്ഞു വീണ് യാത്രക്കാരന് പരിക്കേറ്റതായും ഗതാഗതം തടസ്സപ്പെട്ടതായും വിവരം ലഭിച്ച്  ആളൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഫ്സൽ എം, സിവിൽ പോലീസ് ഓഫീസർ സുജീഷ് കെ എസ്, ഹോം ഗാർഡ് ജോയ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ മരക്കൊമ്പ് മുറിച്ചു മാറ്റി നാട്ടുകാരുടെയും പോലീസിന്റെയും സംയുക്ത ശ്രമത്തിലൂടെ റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു. 

ശക്തമായ മഴയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുക. എല്ലാവരും സുരക്ഷിതരായിരിക്കുക.

Leave A Comment