പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞതിനെതിരെ ദേശീയപാത അതോറിട്ടി സുപ്രീംകോടതിയിൽ
ന്യൂഡൽഹി: തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ പാത അതോറിട്ടി സുപ്രീംകോടതിയിൽ. ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അതോറിട്ടി അപ്പീൽ നൽകിയത്. ബുധനാഴ്ചയാണ് ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പീൽ സാദ്ധ്യത മുന്നിൽക്കണ്ട് ഹൈക്കോടതിയിലെ ഹർജിക്കാരൻ ഷാജി കോടകണ്ടത്ത് നേരത്തെ തടസ ഹർജിയും നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ കരാർ കമ്പനിയും ദേശീയ പാത അതോറിട്ടിയും അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുത് എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാത അതോറിട്ടിക്ക് കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്ക് വിലക്കിയത് . ഈ സമയപരിധിക്കകം കുരുക്ക് പരിഹരിക്കാൻ അതോറിട്ടി നടപടിയെടുക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഫെബ്രുവരി മുതൽ അവസരം നൽകിയിട്ടും പരിഹാരം കാണാൻ അതോറിട്ടി നടപടി സ്വീകരിച്ചില്ലെന്ന് കോടതി വിമർശിച്ചു.
Leave A Comment