ജില്ലാ വാർത്ത

അങ്കമാലി മേഖലയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് വെള്ളിയാഴ്ച്ച

അങ്കമാലി : അങ്കമാലി-കാലടി-അത്താണി-കൊരട്ടി മേഖലയിലെ പ്രൈവറ്റ് ബസ് തൊഴിലാളികൾ സേവന -വേതന വ്യവസ്ഥകൾ പുതുക്കാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സൂചനാ പണിമുടക്ക് നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

ജൂൺ എട്ടിന് ബസ്സുടമാ സംഘടനകൾക്ക് സംയുക്ത തൊഴിലാളി യൂണിയൻ ഡിമാൻഡ്‌ നോട്ടീസ് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. 2017-ൽ ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്ന് ലഭിച്ച കൂലിവർധനയാണ് ഇപ്പോഴും നിലനിൽക്കുന്നത്. സൂചനാ പണിമുടക്കിനുശേഷവും കൂലികൂട്ടുന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത ബസ് തൊഴിലാളി യൂണിയൻ പൊതുയോഗം അറിയിച്ചു. ഐ.എൻ.ടി.യു.സി. മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.ടി. പോൾ യോഗം ഉദ്ഘാടനം ചെയ്തു.

സംയുക്ത യൂണിയൻ കൺവീനർ പി.ജെ. വർഗീസ് അധ്യക്ഷനായി. കെ.പി. പോളി, അഡ്വ. വി.എൻ. സുഭാഷ്, അഖിൽ രാജേഷ്, സി.ഐ. ജോസ്, പി.ഒ. ഷിജു, പി.കെ. പൗലോസ്, കെ.എസ്. വിനോദ്, അനിൽകുമാർ, എം.എസ്. ദിലീപ് എന്നിവർ സംസാരിച്ചു.

Leave A Comment