ട്രോളിംഗ് നിരോധനം : ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍ അടച്ചിടാന്‍ നിര്‍ദേശം
കൊച്ചി: ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിർദേശം നല്കി. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ കാനുകളില്‍ ഡീസല്‍ നല്കാന് ബങ്കുകളോട് ആവശ്യപ്പെടും. ചെല്ലാനത്ത് മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍ എന്നിവ ലഭ്യമാക്കുന്നതിനായി ബങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിന് മുന്നോടിയായി ചേര്‍ന്ന പ്രത്യേക ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഈ മാസം ഒമ്പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് നിയമാനുസൃത കണ്ണിവലിപ്പമുള്ള വലകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഇതരസംസ്ഥന ബോട്ടുകള്‍ ഇതിനുമുമ്പ് തീരം വിട്ടുപോകണം.
നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍ മുഖാന്തിരം സൗജന്യ റേഷന്‍ വിതരണം ചെയ്യും. ഈ കാലയളവില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേര്‍ന്ന് ഹാര്‍ബറുകളിലും മാര്‍ക്കറ്റുകളിലും കര്‍ശന പരിശോധന നടത്തുമെന്നും അവര്‍ പറഞ്ഞു. ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ മതിയായ ജീവന് രക്ഷാ ഉപകരണങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അനുമതിയില്ലാത്ത വലകള്‍ ഉപയോഗിച്ച് അടിത്തട്ട് മത്സ്യബന്ധനം നടത്തി ചെറുമത്സ്യങ്ങളെയും മത്സ്യക്കുഞ്ഞുങ്ങളെയും നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.
ഫോര്‍ട്ടുകൊച്ചിയിലും വൈപ്പിനിലും മത്സ്യത്തൊഴിലാളികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തി. മുനമ്പം കേന്ദ്രീകരിച്ച് രണ്ട് 108 ആംബുലന്‍സുകള്‍ അനുവദിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ചെല്ലാനത്ത് കോസ്റ്റല്‍ പോലീസിന്റെ ബോട്ടും മറൈന്‍ ആംബുലന്‍സും പ്രവര്‍ത്തനസജ്ജമാക്കുമെന്നും വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനിലും മുനമ്പം കണ്ട്രോള് റൂമിലും 10 പോലീസ് ഉദ്യോഗസ്ഥരെ വീതം നിയോഗിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.
Leave A Comment